private-bus-driver-brutally

TOPICS COVERED

കുന്നംകുളം പഴുന്നാനയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കുന്നംകുളം, പഴുന്നാന റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ ലിബീഷിനെയാണ് ഇങ്ങനെ മര്‍ദ്ദിക്കുന്നത്. തലയ്ക്കു പരുക്കേറ്റ ഡ്രൈവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. നേരത്തെ ഈ ബസ് പോകുമ്പോള്‍ സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ രണ്ടു യുവാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. പിന്നീട്, ബസ് വീണ്ടും പഴുന്നാനയില്‍ എത്തിയപ്പോള്‍ ബൈക്ക് കുറുകെയിട്ട് രണ്ടു പേര്‍ ത‍ടഞ്ഞു. 

 

ബസിനുള്ളില്‍ കയറി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചു. നിറയെ യാത്രക്കാരായിരുന്നു ബസില്‍. സ്ത്രീകള്‍ നിലവിളിച്ചിട്ടും അടി തുടര്‍ന്നു. അക്രമികളായ രണ്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞു. പഴുന്നാന സ്വദേശി ഷാഫിയും ഫയാസുമായിരുന്നു അവര്‍. കഞ്ചാവു കേസിലെ പ്രതിയാണ് ഷാഫിയെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറെ മര്‍ദ്ദിച്ചത് ഫയാസാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ബസിലെ യാത്രക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരേയും പിടികൂടാന്‍ തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. പ്രതികള്‍ ഒളിവിലാണ്.