വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരന് ജീവപര്യന്തം കഠിനതടവ്. അട്ടപ്പാടി നെല്ലിപ്പതിയില്‍ പ്രഭാകരന്‍ കൊല്ലപ്പെട്ട കേസിലാണ് അനുജന്‍ ശിവനുണ്ണിയെ മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്.
302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. 308 വകുപ്പുപ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. അടയ്ക്കുന്ന പിഴയില്‍നിന്നും 50,000 രൂപ കൊല്ലപ്പെട്ടയാളുടെ ഭാര്യയ്ക്കും മകനും നല്‍കാനും ഉത്തരവിട്ടു.
2016 ലാണ് കൊലപാതകമുണ്ടാവുന്നത്. കെട്ടിട നിര്‍മാണതൊഴിലാളിയായ പ്രഭാകരന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിനുസമീപത്തെ വഴിയില്‍വച്ച് ശിവനുണ്ണി ആക്രമിക്കുകയും കുത്തികൊലപ്പെടുത്തുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച പ്രഭാകരന്റെ ഭാര്യ വിജയയുടെ തുടയില്‍ ശിവനുണ്ണി മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. 2002 ല്‍ ഇവരുടെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും വിഷം കഴിച്ച് മരിച്ചിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം പ്രഭാകരനാണെന്ന വിരോധം കാരണമാണ് ശിവനുണ്ണി ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്.
അഗളി സി.ഐ.യായിരുന്ന അബ്ദുള്‍ ബഷീര്‍ കേസന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് സി.ഐ. എ.എം.സിദ്ദീഖ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. ജയന്‍ ഹാജരായി.