bevco-case

വിദേശ മദ്യം നിർമിച്ച് നൽകി വിതരണത്തിനായി കേരള ബവ്റിജസ്  കോർപ്പറേഷന്റെ ലൈസൻസ് തരപ്പെടുത്തി നൽകാമെന്ന വാഗ്ദാനത്തിൽ 74 ലക്ഷം രൂപ തട്ടിയ കേസിൽ പഞ്ചാബ് സ്വദേശി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. കരുൺ കൗറയെ പട്ടാമ്പി പൊലീസാണ് കുടുക്കിയത്. പാലക്കാട് തൃത്താല പെരിങ്ങോട് സ്വദേശിയയെയാണ് കരുണും എറണാകുളം സ്വദേശി ശ്രീകുമാറും ചേർന്ന് കബളിപ്പിച്ചത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

74 ലക്ഷം രൂപയും അസംസ്കൃത സാധനങ്ങളും നൽകണമെന്നായിരുന്നു ആവശ്യം. കൃത്യമായ ഇടവേളയിൽ വിദേശ മദ്യം നിർമ്മിച്ച് നൽകും. വിൽപ്പനയ്ക്കായി കേരള ബവ്റിജസ് കോർപ്പറേഷന്റെ ലൈസൻസും തരപ്പെടുത്തി നൽകും. ഇതിലെ ലാഭ വിഹിതവും കൈമാറാമെന്നായിരുന്നു 2022 ലെ കരാർ. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കുകയോ പണം തിരിച്ച് നൽകുകയോ ചെയ്തില്ല. പണം വാങ്ങി തന്നെ കബളിപ്പിച്ചതായി കാട്ടി പെരിങ്ങോട് സ്വദേശി 2023 ഏപ്രിലിൽ പട്ടാമ്പി പൊലീസിൽ പരാതി നൽകി.

പഞ്ചാബ് സ്വദേശി കരുൺ കൗറ, എറണാംകുളം സ്വദേശി ശ്രീകുമാർ എന്നിവരെ പൊലീസ് പ്രതിചേർത്തിരുന്നു. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. കരുൺ ഡൽഹിയിൽ വെച്ചും ശ്രീകുമാർ എറണാംകുളത്ത് വെച്ചുമാണ് പിടിയിലാകുന്നത്. കരുണിനെതിരെ സമാന പരാതിയിൽ 12 കേസുകളുണ്ട്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.