crime-5-beat

പ്രതീകാത്മക ചിത്രം

ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തലകീഴായി മര്‍ദിച്ച് അഞ്ചംഗ സംഘം. മധ്യപ്രദേശിലെ നർസിംഹ്പൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ സംഘം കെട്ടിയിട്ട് മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി.

ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കമാൽ ബസോർ എന്നയാളും കൂട്ടാളികളും തന്നെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നുവെന്ന് 29കാരനായ യുവാവ് പറഞ്ഞു. മര്‍ദിക്കുന്നതിനിടെ തന്നെ ഇലക്ട്രിക് ഷോക്ക് അടിപ്പിച്ചതായും ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും യുവാവ് പരാതിയില്‍ ആരോപിക്കുന്നു.

തട്ടിക്കൊണ്ടുപോകല്‍, ആക്രമണം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് നാഗേന്ദ്ര പട്ടേരിയ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Man hanged upside down, beaten up on suspicion of motorbike theft in MP