police-personnel-patrol-the

ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്തു. കമല മാര്‍ക്കറ്റ് പൊലീസാണ് ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട കേസെടുത്തത്. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 285 പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എഫ്ഐആർ പ്രകാരം ബിഹാറിലെ ബർഹ് സ്വദേശിയായ പങ്കജ് കുമാറാണ് പ്രതി. പ്രധാന റോഡിന് സമീപം വണ്ടിയിൽ പുകയിലയും വെള്ളവും വിൽക്കുന്നത് യാത്രക്കാർക്ക് തടസ്സവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി പൊലീസ് എഫ്.ഐ.ആറിൽ പരാമർശിച്ചു. ആ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് പ്രതിയോട് വണ്ടി മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ അവഗണിച്ചുവെന്നും പറയുന്നു.

 

ഭാരതീയ ന്യായ സംഹിതയിൽ 358 വകുപ്പുകളുണ്ട് (ഐപിസിയുടെ 511 വകുപ്പുകൾക്ക് പകരം). സംഹിതയിൽ ആകെ 20 പുതിയ കുറ്റകൃത്യങ്ങൾ ചേർത്തു, 33 കുറ്റകൃത്യങ്ങൾക്കുള്ള തടവുശിക്ഷ വർധിപ്പിച്ചു. 83 കുറ്റകൃത്യങ്ങളിൽ പിഴ തുക വർധിപ്പിക്കുകയും 23 കുറ്റകൃത്യങ്ങളിൽ നിർബന്ധിത മിനിമം ശിക്ഷ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ആറ് കുറ്റകൃത്യങ്ങളിൽ കമ്മ്യൂണിറ്റി സേവനത്തിനുള്ള ശിക്ഷ കൊണ്ടുവരികയും നിയമത്തിൽ 19 വകുപ്പുകൾ റദ്ദാക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഭാരതീയ നഗ്രിക് സുരക്ഷാ സംഹിതയിൽ 531 വിഭാഗങ്ങളുണ്ട് (സിആർപിസിയുടെ 484 വിഭാഗങ്ങൾക്ക് പകരം). സൻഹിതയിൽ ആകെ 177 വ്യവസ്ഥകൾ മാറ്റുകയും ഒമ്പത് പുതിയ വിഭാഗങ്ങളും 39 പുതിയ ഉപവിഭാഗങ്ങളും ചേർക്കുകയും ചെയ്തു. ഈ നിയമത്തിൽ 44 പുതിയ വ്യവസ്ഥകളും വ്യക്തതകളും ചേർത്തിട്ടുണ്ട്.

ENGLISH SUMMARY:

First case under new penal code Bharatiya Nyaya Sanhita lodged against street vendor