saiju-arrest

TOPICS COVERED

കൊടുങ്ങല്ലൂര്‍ സ്വദേശിയെ ആക്രമിച്ച് ബന്ധിയാക്കി കാര്‍ തട്ടിയെടുത്ത കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ കേസ് പ്രതി സൈജു തങ്കച്ചന്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഈ മാസം 24നാണ് കൊടുങ്ങല്ലൂര്‍ സ്വദേശി അഭിനന്ദ് ആക്രമിക്കപ്പെട്ടത്. ഇലക്ട്രിക്കല്‍ ഡിസൈനറായ അഭിനന്ദ് അറസ്റ്റിലായ സൈജുവിന്‍റെും സഹോദരന്‍ സോണിയുടെയും സുഹൃത്താണ്. പുതിയ കെട്ടിടം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ചചെയ്യാനെന്ന് പറഞ്ഞാണ് അഭിനന്ദിനെ ചിലവന്നൂരിലെ റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ സൈജുവിന്‍റെ സഹോദരന്‍ സോണി തങ്കച്ചന്‍ പേരൂര്‍കട സ്വദേശിയായ സ്വാമി ദത്തത്രേയ സ്വരൂപിന് നല്‍കിയ പതിനഞ്ച് ലക്ഷം രൂപ മടക്കി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. സ്വാമി ദത്തത്രേയയുടെ ഫോണ്‍ നമ്പര്‍ കൈമാറിയത് അഭിനന്ദായിരുന്നു. റിസോര്‍ട്ടിലെ മുറിയില്‍ അഭിനന്ദിനെ കെട്ടിയിട്ട സൈജു വടികൊണ്ട് തലയിലും ശരീത്തിലും അടിച്ചുവെന്നാണ് പരാതി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് റിസോര്‍ട്ടിലെത്തിയ അഭിനന്ദിനെ രാത്രി ഏഴരയോടെ സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം ഇറക്കിവിട്ടു. അഭിനന്ദെത്തിയ കാറും തട്ടിയെടുത്തു. ഒരു സ്ത്രീയും റെയ്സ് എന്നൊരാളും ചേര്‍ന്നായിരുന്നു മര്‍ദനമെന്നും അഭിനന്ദ് മൊഴി നല്‍കി. തട്ടിയെടുത്ത കാര്‍ നാല് ദിവസത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒളിവിലായിരുന്നു സൈജുവിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.  

കോടതിയില് ഹാജരാക്കിയ സൈജുവിനെ റിമാന്‍ഡ് ചെയ്തു. സൈജുവിന്‍റെ കൂട്ടുപ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കൊച്ചിയില്‍ മോഡലുകള്‍ മരണപ്പെട്ട കേസില്‍ പ്രതിയായ സൈജുവിനെതിരെ പോക്സോ ലഹരിക്കടത്ത് കേസുകളടക്കം നിലവിലുണ്ട്.