alice-case

TOPICS COVERED

കൊല്ലം കുണ്ടറയിലെ ആലീസ് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകുമെന്ന് സൂചന. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച പാരിപ്പളളി സ്വദേശി ഗിരീഷ്കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം കേസ് നടപടികളെക്കുറിച്ച് അറിയില്ലെന്നാണ് ആലീസിന്റെ കുടുംബത്തിന്റെ പ്രതികരണം

 

പൊലീസ് കണ്ടെത്തിയ പ്രതിയെ ഹൈക്കോടതി വിട്ടയച്ചതോടെ ആലീസിനെ ആരാണ് കൊലപ്പെടുത്തിയത്. ഇതന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം ഉണ്ടാകുമോ. കേസില്‍ അന്വേഷണഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് എന്താണ് നടപടി സ്വീകരിക്കുക

ആലീസ് കൊല്ലപ്പെട്ടു എന്നത് വസ്തുതയാണ്. പ്രതിയായി കുണ്ടറ പൊലീസ് കണ്ടെത്തിയ പാരിപ്പളളി സ്വദേശി ഗിരീഷ്കുമാറിനെ തെളിവുകളില്ലാത്തതിനാല്‍ ഹൈക്കോടതി വിട്ടയച്ചത് പൊലീസിന് വന്‍തിരിച്ചടിയായി. കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനാണ് പ്രോസിക്യൂഷന്റെ നീക്കം. 2013 ജൂണ്‍ പതിനൊന്നിനായിരുന്നു കൊലപാതകം. കുണ്ടറ മുളവന കോട്ടപ്പുറത്ത് അന്ന് ആലീസ് താമസിച്ചിരുന്ന വീട് ഇപ്പോള്‍ മറ്റൊരാളുടെ പേരിലാണ്. ആലീസിന്റെ ഭര്‍ത്താവ് വര്‍ഗീസ് ഇവിടെ നിന്ന് ആലപ്പുഴയിലേക്ക് താമസം മാറി. 

കേസ് നടപടികള്‍ ആലീസിന്റെ ബന്ധുക്കളാരും അന്വേഷിച്ചിരുന്നില്ല. ഇപ്പോള്‍ അപ്പീല്‍പോകാനും ആളില്ല. സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ ആവശ്യം വന്നാല്‍ സഹകരിക്കുമെന്നാണ് ബന്ധുക്കളിലൊരാള്‍ പറഞ്ഞു. അതേസമയം അവിവാഹിതനായ ഗിരീഷ്കുമാറിന് ദശാബ്ദങ്ങളായി ആരുമായും അടുപ്പമില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഗിരീഷ്കുമാര്‍ പല കേസുകളിലും പ്രതിയായിരുന്നുവെങ്കിലും ശിക്ഷിക്കപ്പെടാത്ത കേസുകളുമുണ്ട്. 

ENGLISH SUMMARY:

Alice murder case: prosecution likely appeal against the High Court verdict