perumbavoor-murder-case

TOPICS COVERED

പെരുമ്പാവൂരില്‍ ആയിരംരൂപ കടംവാങ്ങിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് മണിക്കൂറുകള്‍ക്കകം പിന്തുടര്‍ന്ന് പിടികൂടി. ഒഡീഷക്കാരന്‍ ആകാശ് ദിഗല്‍ കൊല്ലപ്പെട്ട കേസില്‍ നാട്ടുകാരനായ അഞ്ജന്‍ നായികാണ് അറസ്റ്റിലായത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പെരുമ്പാവൂർ വട്ടക്കാട്ട്പടിയിലെ വാടകവീട്ടില്‍വെച്ച് പുലര്‍ച്ചെ അഞ്ച്മണിക്കാണ് ആകാശ് ദിഗലിന് കുത്തേല്‍ക്കുന്നത്. ആകാശിന്‍റെ സുഹൃത്തായ അഞ്ജന്‍ നായിക്കാണ് ആക്രമിച്ചത്. ഇയാള്‍ പിന്നീട് ഓടിരക്ഷപ്പെട്ടു. വയറില്‍ കുത്തേറ്റ ആകാശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പെരുമ്പാവൂര്‍ ടൗണിലും പരിസരങ്ങളിലും പരിശോധന ഊര്‍ജിതമാക്കി. ഇതിനിടെയാണ് വല്ലത്ത് നിന്ന് പ്രതി പിടിയിലായത്. ഒഡീഷയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ കൊലപാതകം നടന്ന് നാല് മണിക്കൂറിനകം പെരുമ്പാവൂര്‍ പൊലീസ് പിടികൂടി.

പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായ ഇരുവരും പെരുമ്പാവൂരിലെ കെട്ടിടത്തില്‍ അടുത്തടുത്ത മുറികളിലാണ് താമസിച്ചിരുന്നത്. ആറ് മാസം മുന്‍പാണ് കൊല്ലപ്പെട്ട ആകാശ് ഇവിടെ താമസം തുടങ്ങുന്നത്. നാല് മാസം മുന്‍പ് അഞ്ജനും ഇവിടെ താമസിക്കാനെത്തിയതോടെ ഇരുവരും സുഹൃത്തുക്കളുമായി. ഇതിനിടെ ആകാശ് ദിഗല്‍ പ്രതിയായ അഞ്ജന്‍ നായിക്കില്‍ നിന്ന് ആയിരം രൂപ കടംവാങ്ങി. ഈ കടംവാങ്ങല്‍ പിന്നീട് ശത്രുതയായി വളര്‍ന്നു. പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ശനിയാഴ്ച വൈകീട്ടും തര്‍ക്കമുണ്ടായതോടെ താമസ സ്ഥലത്തിന്റെ ഉടമ ഇടപ്പെട്ടു. ഇതോടെ അഞ്ജന്‍ നായിക് ഭാര്യയുമായി കാക്കനാട്ടേക്ക് പോയി. രണ്ട് ദിവസം പെരുമ്പാവൂരിലേക്ക് അഞ്ജന്‍ വന്നിരുന്നില്ല. എന്നാല്‍ പുലര്‍ച്ചെ കത്തിയുമായെത്തിയ അഞ്ജന്‍ ആകാശിനെ കുത്തിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇൻസ്പെക്ടർ എം.കെ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.