kala-investigation

പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നു മാവേലിക്കര മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ സഹോദരന്‍ അനില്‍ കുമാര്‍ മനോരമ ന്യൂസിനോട്. കല ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത്. കല കു‍ഞ്ഞിനെ ഉപേക്ഷിച്ചുപോയെന്ന് കരുതിയാണ് പരാതി നല്‍കാതിരുന്നത്. പ്രതികള്‍ പരിചയക്കാരായിരുന്നു. അവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. കല നാടുവിട്ടെന്ന് പ്രതികള്‍ പ്രചരിപ്പിച്ചതാകാമെന്നും സഹോദരന്‍ പറഞ്ഞു. 

പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ബന്ധു ശ്രീദേവിയും പറഞ്ഞു. കൊലപാതകം അറിഞ്ഞവര്‍ വിവരങ്ങള്‍ മറച്ചുവച്ചു. പ്രതികളുടെ വീട്ടുകാരും പ്രതികളാണ്. അനിലിന്റെ വീട്ടുകാരെ ചോദ്യംചെയ്യണമെന്നും ശ്രീദേവി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നു കലയുടെ അമ്മയുടെ സഹോദരി ശോഭന പ്രതികരിച്ചു. 

അതേസമയം, 15 വര്‍ഷം മുന്‍പ് കാണാതായ കലയുടേതെന്നു സംശയിക്കുന്ന മൃതദേഹാവശിഷ്ടം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെത്തി. കലയുടെ മൃതദേഹം കണ്ടെത്താന്‍  ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പൊലീസ് പരിശോധനയിലാണ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധന കഴിഞ്ഞാലേ മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയൂ. കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ ബന്ധുക്കളായ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ള അനിലിന്‍റെ സഹോദരീ ഭര്‍ത്താവ്  പ്രമോദ് മാര്‍ച്ചില്‍ ഭാര്യയെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ബോംബ് സ്ഫോടനക്കേസിലും കസ്റ്റഡിയിലായിരുന്നു. ഈ സമയത്താണ് കലയുടെ കൊലപാതകം സൂചിപ്പിക്കുന്ന ഊമക്കത്ത് പൊലീസിന് ലഭിക്കുന്നത്. 

 

പ്രധാന പ്രതിയെന്ന സംശയിക്കുന്ന അനില്‍ ഇസ്രയേലില്‍ ആണെന്നാണ് സൂചന. ഇതര സമുദായക്കാരായ കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവര്‍ക്ക് ഒരു മകനുണ്ട്. കലയുടേത് കൊലപാതകമെന്ന സംശയവും സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധന വിവരങ്ങളും ആദ്യം പുറത്തുവിട്ടത്  മനോരമ ന്യൂസാണ്

ENGLISH SUMMARY:

Police confirm Alappuzha woman missing for 15 years was killed, dumped in septic tank