sojan-keir-starmer

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ആദ്യമായി മലയാളിയും. ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടു. ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന്‍ ജോസഫ്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തകമണ്ഡലമാണ് ആഷ്ഫോര്‍ഡ്. അട്ടിമറി ജയത്തോടെയാണ് എംപിയായി സോജന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. ഡപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള ഡാമിയന്‍ ഗ്രീനിനെയാണ് തോല്‍പ്പിച്ചത്.

 

വോട്ടെടുപ്പില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടുള്ള എതിര്‍പ്പ് തുണച്ചെന്നും സോജന്‍. കുത്തകമണ്ഡലത്തില്‍ നേടാനായത് ചരിത്ര വിജയം, ദേശ ഭാഷാ ഭേദമില്ലാതെ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും സോജന്‍ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. സോജന്റെ വിജയം ആഘോഷമാക്കുകയാണ് വീടും നാടും. മകന്റെ നേട്ടത്തില്‍ സന്തോഷമെന്ന് പിതാവ് ജോസഫും പ്രതികരിച്ചു.

അതേസമയം ബ്രിട്ടനില്‍ ഋഷി സുനക്കിന്‍റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തൂത്തെറിഞ്ഞ് ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്. 632 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ 408 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി ജയം ഉറപ്പിച്ചു. 117 സീറ്റുകളിലാണ് ടോറികള്‍ക്ക് ജയിക്കാനായത്. അതേസമയം, മലയാളികള്‍ക്ക് അഭിമാനമായി കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫ് ആഷ്‍ഫോര്‍ഡില്‍ അട്ടിമറി നേട്ടം നേടി. 

പ്രീപോള്‍, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന കൂറ്റന്‍ ജയം. 14വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനില്‍ അധികാരമാറ്റം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിപക്ഷത്തിരുന്നാല്‍ മതിയെന്ന് ജനം വിധിയെഴുതിയപ്പോള്‍ കെയ്‍ര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്. സ്കോട്‍ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം കണ്‍സര്‍വേറ്റീവുകള്‍ക്ക് അടിതെറ്റി. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത റിഷി സുനക്, കെയ്‍ര്‍ സ്റ്റാര്‍മറിനെ അഭിനന്ദിച്ചു. ജനം മാറ്റം ആഗ്രഹിച്ചിരുന്നതായും ജനത്തിന്‍റെ പ്രതീക്ഷയ്ക്കനുസരിച്ച് ഭരിക്കുമെന്നും പ്രധാനമന്ത്രിയാകാനൊൊരുങ്ങുന്ന കെയ്‍ര്‍ സ്റ്റാര്‍മര്‍.

സാമ്പത്തികഅസ്ഥിരത, കുടിയേറ്റപ്രശ്നങ്ങള്‍, ഭവനപദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ഋഷി സുനക്കിന്‍റെ മുന്‍ഗാമികളുടെ നയങ്ങളും കണ്‍സര്‍വേറ്റീവുകളുടെ തിരിച്ചടിക്ക് കാരണമായി. ഗവണ്‍മെന്‍റ് രൂപീകരിക്കാനുള്ള അനുമതി തേടി അടുത്ത ദിവസങ്ങളില്‍‌ തന്നെ കെയ്‍ര്‍ സ്റ്റാമര്‍ ചാള്‍സ് മൂന്നാമനെ സമീപിപ്പിക്കും. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാരോഹണം.

ENGLISH SUMMARY:

Labor Party's Sojan Joseph was elected as MP in British Parliament.