mannar-Prathikal

മാന്നാര്‍ കല കൊലപാതകക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ആറു ദിസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. ഭര്‍ത്താവിന്‍റെ ബന്ധുക്കളായ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റു പ്രതികള്‍. നാലുപേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നാണ് എഫ്ഐആര്‍. 

 

വൈദ്യപരിശോധനയ്ക്ക് എത്തിച്ച  പ്രതികള്‍ക്ക് നേരെ കലയുടെ ബന്ധു പാഞ്ഞടുത്തു. കല മറ്റൊരാള്‍ക്കൊപ്പം പോയി എന്ന് പറഞ്ഞ് ഇത്രയും കാലം തെറ്റിദ്ധരിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ബന്ധുവിന്റെ രോഷപ്രകടനം. 

മാന്നാറിലെ അരുംകൊലയ്ക്ക് കാരണം കലയ്ക്ക് പരപുരുഷ ബന്ധമെന്ന ഭര്‍ത്താവ് അനിലിന്റെ സംശയം. സ്നേഹം നടിച്ച് കാറില്‍ കയറ്റിയ ശേഷം മദ്യം നല്‍കിയ മയക്കി കഴുത്തുഞെരിച്ച് കൊന്നെന്നാണ് പൊലീസ് നിഗമനം. ഭര്‍ത്താവിനെ ഒന്നാം പ്രതിയാക്കിയ എഫ്ഐആര്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. കൊന്ന് സെപ്ടിക് ടാങ്കില്‍ തള്ളിയ ശേഷം, കല മറ്റൊരാള്‍ക്കൊപ്പം ജീവിക്കുന്നതായി പ്രചരിപ്പിച്ചാണ് ഭര്‍ത്താവ് അനില്‍ പതിനഞ്ച് വര്‍ഷത്തോളം കവചം തീര്‍ത്തത്.  അനിലിന്റെ മാതാപിതാക്കളും ക്രുരഹത്യ അറിഞ്ഞോയെന്നതില്‍ പൊലീസ് അന്വേഷണം തുടങ്ങി. 

അനിലിന്റെ മാതാപിതാക്കളും ക്രുരഹത്യ അറിഞ്ഞോയെന്നതില്‍ പൊലീസ് അന്വേഷണം തുടങ്ങി

വ്യത്യസ്ത സമുദായത്തില്‍പെട്ടവരായിരുന്നു അനിലും കലയും. വീട്ടുകാരുടെ എതിര്‍പ്പെല്ലാം അവഗണിച്ച് 2006ല്‍ ഒരുമിച്ച് താമസം തുടങ്ങി. കുട്ടിയുണ്ടായ ശേഷം അനില്‍ ജോലി തേടി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. ഇതിനിടെ കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ അനിലിനെ വിളിച്ചുവരുത്തി. കൊല്ലാനുറച്ചാണ് 2009ല്‍ അനില്‍ നാട്ടിലെത്തിയത്. വിനോദയാത്രക്കെന്ന പേരില്‍ കലയേക്കൂട്ടി എറണാകുളത്തേക്ക് പോയി. തിരികെ വരുന്ന വഴി വീട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള വലിയ പെരംമ്പുഴ പാലത്തില്‍ വച്ച് കൊലപ്പെടുത്തി.

മദ്യം നല്‍കി മയക്കിയ ശേഷം തുണികൊണ്ട് കഴുത്തുഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ നിഗമനം. അനിലിനെ കൂടാതെ അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമന്‍, പ്രമോദ് എന്നിവര്‍ക്കും കൊലപാതകത്തില്‍  പങ്കെന്നാണ് എഫ്ഐആറിലുള്ളത്. ഇവര്‍ പിടിയിലാണ്. കൊലപാതകത്തിലെ പങ്കില്‍ വ്യക്തത ഇല്ലെങ്കിലും മൃതദേഹം മറവ് ചെയ്യാന്‍ മറ്റുള്ളവരുമുണ്ടെന്ന് സ്ഥിരീകരിച്ചു. അനിലും മാതാപിതാക്കളും അനിലിന്റെ കുട്ടിയും താമസിക്കുന്ന വീടിന്റെ ശുചിമുറിയുടെ സെപ്ടിക് ടാങ്കിലാണ് മൃതദേഹം ഉപേക്ഷിച്ചത്. മൃതദേഹം പലതായി മുറിച്ച് പലയിടത്ത് ഉപേക്ഷിച്ചോ എന്നും സംശയിക്കുന്നു. അതിനാല്‍ പ്രതികളെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കുഴിച്ച് പരിശോധിച്ചേക്കും.

കുടുംബമായി താമസിക്കുന്ന വീടിന്റെ മുറ്റത്ത് മൃതദേഹം ഉപേക്ഷിച്ചിട്ടും മറ്റാരും അറിഞ്ഞില്ലെന്നാണ് അനിലിന്റെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. ഇക്കാര്യം പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. അതിനാല്‍ കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.  

ENGLISH SUMMARY:

Mannar murder: Cops register arrest of 3 accused