crime-news

പ്രതീകാത്മക ചിത്രം

അയല്‍വാസിയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരന്‍ പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ ജൂലൈ ഒന്നിനാണ്  നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മോഷണശ്രമം തടയാന്‍ ശ്രമിച്ച ഒന്‍പതുവയസുകാരിയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കര്‍പ്പൂരമിട്ട് കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിടിയിലായ16കാരന്‍ 20ഓളം മോഷണക്കേസിലെ പ്രതിയാണെന്നും പൊലീസ് കണ്ടെത്തി.

പ്രതിയായ 16കാരനും കൊല്ലപ്പെട്ട പെണ്‍കുട്ടിയും കുടുംബസമേതം അടുത്തടുത്ത ടവറുകളിലെ അപ്പാര്‍ട്ട്മെന്‍റുകളിലായിരുന്നു താമസം. കൂടാതെ ഇരുവരുടെയും മാതാപിതാക്കളും നല്ല സൗഹൃദത്തില്‍ ആയിരുന്നു. സംഭവദിവസം രാവിലെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും പ്രതിയായ 16കാരന്‍റെ അമ്മയെ കാണാനായി അപ്പാര്‍ട്ട്മെന്‍റില്‍ എത്തി. ഇതുകണ്ട 16കാരന്‍ ട്യൂഷന് പോകാനെന്ന വ്യാജേനെ അവിടെ നിന്നും ഇറങ്ങി പെണ്‍കുട്ടിയുടെ അപ്പാര്‍ട്ട്മെന്‍റില്‍ എത്തി. തുടർന്ന് പെൺകുട്ടിയോട് കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.

പെണ്‍കുട്ടി വെളളമെടുക്കാന്‍ പോയ തക്കത്തിന് അലമാര തുറന്ന് ആരഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി ഈ മോഷണശ്രമം കാണുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തതോടെ പ്രതി പരിഭ്രാന്തനായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ആഭരണങ്ങള്‍ ബാല്‍ക്കണി വഴി പുറത്തേക്കെറിഞ്ഞ പ്രതി പെണ്‍കുട്ടിയോട് ഒച്ചയുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

സംഭവം പുറത്ത് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ പ്രതി ഷാള്‍ പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കഴുത്തിലെ വിരലടയാളം അടക്കമുളള തെളിവുകള്‍ നശിപ്പിക്കുന്നതിനായി പൂജാമുറിയിലിരുന്ന കര്‍പ്പൂരം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ശരീരം കത്തിച്ചുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ വീടിനകത്ത് നിന്നും പുക ഉയരുന്നതാണ് കണ്ടത്. ഉടനെ തന്നെ പുറത്തുളള എമര്‍ജന്‍സി അലാം അടിച്ച് പരിസരത്തുളളവരെ വിളിച്ച് അകത്ത് കടന്നപ്പോള്‍ കണ്ടത് പാതി കത്തിക്കരിഞ്ഞ് കിടക്കുന്ന മകളെയും അടുത്തിരിക്കുന്ന 16കാരനെയുമാണ്. 

രണ്ട് മോഷ്ടാക്കള്‍ വീട്ടില്‍ വന്നിരുന്നെന്നും കവർച്ചാശ്രമം തടഞ്ഞ തന്നെ ആക്രമിച്ചശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നുമാണ് സംഭവത്തെക്കുറിച്ച് പ്രതി പെണ്‍കുട്ടിയുടെ മാതാപിതാക്കളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 20000 രൂപ ബാധ്യതയുണ്ടെന്നും അത് തീര്‍ക്കാനാണ് മോഷണത്തിന് ശ്രമിച്ചതെന്നും പ്രതി ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ കുറ്റസമ്മതം നടത്തി. 

അതേസമയം പ്രതി ചൂതാട്ടത്തിലുളള നഷ്ടം നികത്താനാണ് മോഷണത്തിന് ശ്രമിച്ചതെന്നും ഈ വര്‍ഷം മാത്രം ഇരുപതോളം മോഷണം പ്രതി നടത്തിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ പ്രതി ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചോ എന്നറിയാന്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

16-year-old kills 9-year-old neighbour in Gurugram