citu-attack-malappuram

മലപ്പുറം എടപ്പാളില്‍ ആക്രമിക്കാന്‍ പിന്തുടര്‍ന്ന സി.ഐ.ടി.യുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതര പരുക്ക്. രാത്രി സമയത്ത് അംഗീകൃത തൊഴിലാളികളെ ലോഡ് ഇറക്കാന്‍ കിട്ടാതെ വന്നപ്പോള്‍ കരാറുകാരന്‍റെ ആവശ്യപ്രകാരം ലോഡിറക്കിയ പത്തനാപുരം സ്വദേശി 23കാരന്‍ ഫയാസ് ഷാജഹാന്‍റെ ഇരു കാലുകളും ഒടിഞ്ഞ് ചികില്‍സയിലാണ്. 

 

എടപ്പാള്‍ ടൗണില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്കുളള ഇലക്ട്രിക് സാമഗ്രികള്‍ വ്യാഴാഴ്ച രാത്രിയാണ്  കരാറുകാരന്‍റെ തൊഴിലാളികള്‍ ചേര്‍ന്ന് ഇറക്കിയത്. പിന്നാലെ പ്രതിഷേധവുമായി എത്തിയ സിഐടിയു തൊഴിലാളികളോട് പണി എടുത്തില്ലെങ്കില്‍ പോലും ആവശ്യപ്പെടുന്ന കൂലി നല്‍കാമെന്ന് ഉടമ പറഞ്ഞു നോക്കി. എന്നാല്‍ കൂട്ടമായി കമ്പുകളുമായെത്തിയ സിഐടിയുക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് മുകള്‍ നിലയിലേക്ക് ഒാടി കയറിയ ഫയാസ് ഷാജഹാനെ കമ്പുകളുമായി പിന്തുടര്‍ന്നു. പ്രാണരക്ഷാര്‍ഥം അഞ്ചാം നിലയില്‍ നിന്ന് തൊട്ടടുത്ത കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക് ചാടിയാണ് ഗുരുതരമായി പരുക്കേറ്റത്.

പത്തനാപുരം പാതിരിക്കല്‍ ലക്ഷംവീട്ടിലെ ഫായിസ് ഷാജഹാന്‍ രോഗിയായ പിതാവ് അടങ്ങുന്ന കുടുംബത്തിന്‍റെ ആശ്രയമാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇനിയും ശസ്ത്രക്രിയ ആവശ്യമുണ്ട്.  മറ്റു തൊഴിലാളികള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. 

ENGLISH SUMMARY:

CITU attacked workers who unloaded electrical materials in Malappuram. Terrified worker seriously injured.