മാന്നാർ കല കൊലക്കേസിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. സംസ്ഥാന അതിർത്തിയിലും ഇതര സംസ്ഥാനത്തുമുള്ള അനിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ കസ്റ്റഡി രണ്ട് ദിവസം പിന്നിടുമ്പോൾ നൂറിലധികം ആളുകളെയാണ് ചോദ്യം ചെയ്തത്. 

കൂട്ടുപ്രതികളെ കൂടാതെ ഒന്നാംപ്രതി അനിൽ കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. മൃതദേഹം എങ്ങോട്ട് മാറ്റിയെന്നും മറ്റാരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്നും കണ്ടെത്താനാണ് പൊലീസിന്‍റെ ശ്രമം. മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവറായിരുന്ന അനിലിന്റെ അബ്കാരി ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. 

മൃതദേഹം വാഹനത്തിൽ ഒളിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ അനിലിന്റെ സുഹൃത്തിനെ പൊലീസ് ഇന്നലെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘത്തെ മൂന്നായി തിരിച്ച് പ്രതികളെ പ്രത്യേകം ഇരുത്തിയാണ് ചോദ്യം ചെയ്യൽ. രഹസ്യാത്മകത സൂക്ഷിക്കുന്നതിന്‍റെ ഭാഗമായി മൂന്ന് പ്രതികളെയും വെവ്വേറെ സ്റ്റേഷനുകളിലേക്കും മാറ്റിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനുശേഷം മാത്രം തെളിവെടുപ്പിലേക്ക് നീങ്ങിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. 

അതേസമയം ഇസ്രായേലിൽ നിന്ന് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അനിൽ സ്വമേധയാ വന്നില്ലെങ്കിൽ ഇന്‍റർ പോളിന്‍റെ സഹായം തേടും. അനിലിന്‍റെ വീട്ടിലും പരിസരത്തും കൂടുതൽ കുഴിച്ചു പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

ENGLISH SUMMARY:

Mannar murder case updates.