ആലപ്പുഴ പൂച്ചാക്കലില്‍ നടുറോഡില്‍ ദളിത് യുവതിയെ മർദിച്ച കേസിൽ വെളിപ്പെടുത്തലുമായി യുവതി. സ്ത്രീകളടക്കമുള്ളവര്‍ മര്‍ദിച്ചെന്നും നടുവിനും പുറത്തും ചവിട്ടിയെന്നും മര്‍ദനത്തിനിരയായ യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. സഹോദരനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് മര്‍ദിച്ചതെന്നും പൊലീസിനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും യുവതി പറഞ്ഞു.

ഞായറാഴ്ചയാണ് ചേർത്തല തൈക്കാട്ടുശേരിയിൽ നടുറോഡിൽ പെൺകുട്ടിക്ക് ക്രൂര മർദനമേറ്റത്. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഒന്നാം പ്രതി ഷൈജു, സഹോദരനും രണ്ടാം പ്രതിയുമായ ശൈലേഷ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇവർ അറസ്റ്റിലായത്. ഇന്ന് നിയമസഭയിലും യുവതിക്ക് മർദനമേറ്റത് കെ.കെ.രമ ഉന്നയിച്ചിരുന്നു.

ഇളയ സഹോദരങ്ങളെ മർദിച്ചതിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങുമ്പോളായിരുന്നു തൈക്കാട്ടുശേരി സ്വദേശി ഷൈജുവും സഹോദരൻ ശൈലേഷും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെയും സഹോദരങ്ങളേയും നടുറോഡിൽ ആക്രമിച്ചത്. പെൺകുട്ടി പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. പിന്നീട് ദൃശ്യങ്ങൾ പുറത്തായതോടെ പൂച്ചാക്കൽ പൊലീസ് ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പരുക്കേറ്റ യുവതി തുറവൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അറസ്റ്റിലായവരെ വൈകിട്ട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

അതേസമയം നിയമസഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ ക്കുറിച്ച് പറയുമ്പോളായിരുന്നു കെ.കെ.രമ എംഎൽഎ തൈക്കാട്ടുശേരിയിലെ ദളിത് പെൺകുട്ടിക്ക് മർദ്ദനമേറ്റ സംഭവം സഭയിൽ ഉന്നയിച്ചത്. മന്ത്രി വീണാ ജോർജ് ആണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് സഭയിൽ അറിയിച്ചത്. പട്ടികജാതി– പട്ടികവർഗ പീഡന നിരോധന നിയമ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിൽ ഇനി നാലു പേരെ കൂടി പിടികൂടാൻ ഉണ്ട്. നിലാവും സഹോദരങ്ങളും മർദിച്ചു എന്നാരോപിച്ച് ഷൈജു നൽകിയ പരാതിയിലും ആറു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Alappuzha dalit lady attack; reaction