ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ പരാതി.ജമ്മു കശ്മീര്‍ കേഡറിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥന്‍റെ ഭാര്യയായും ഉത്തര്‍പ്രദേശ് സ്വദേശിനിയുമായ നാല്‍പ്പതുകാരിയാണ് പോലീസിനെ സമീപിച്ചത്.
അനാഥയായ പരാതിക്കാരിയും ജമ്മു കശ്മീരിലെ റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥനും 2020-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിന്‍റെ ആദ്യഭാര്യയും മകനും മകളും നിരന്തരം ഉപദ്രവിച്ചിരുന്നതായും പരാതിയിലുണ്ട്. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ 14-ാം തീയതി വരെ ഒരു മുറിയില്‍ പൂട്ടിയിടുകയും പട്ടിണിക്കിടുകയുംചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിന്‍റെ ആദ്യ ബന്ധത്തിലെ മകന്‍ മൊബൈല്‍ഫോണ്‍ കൈക്കലാക്കി. ഇതിനുശേഷമാണ് ഇയാളും കൂട്ടാളിയും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചതെന്നും ഒട്ടേറെ തവണ കരഞ്ഞുപറഞ്ഞതിന് ശേഷം കുടുംബത്തിനെതിരേ പോലീസില്‍ പരാതിയൊന്നും നല്‍കില്ലെന്ന് ഉറപ്പുവാങ്ങിയശേഷമാണ് ഇവര്‍ വിട്ടയച്ചതെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ലഖ്‌നൗ വരെ ആദ്യഭാര്യയിലെ മകനും യുവതിക്കൊപ്പമുണ്ടായിരുന്നു. പോലീസിനെ സമീപിച്ചാല്‍ കൊല്ലുമെന്നാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു. യുവതിയുടെ പരാതിയില്‍ ഗാസിപൂര്‍ പോലീസ് കേസെടുത്തു.