പത്തനംതിട്ടയിൽ സിപിഎമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടി. മൈലാടുപാറ സ്വദേശി യദു കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. കേസ് എടുത്ത എക്സൈസ് പിന്നീട് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും അടക്കം 62 പേർ സിപിഎമ്മിൽ ചേർന്നത്.

പത്തനംതിട്ട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് മന്ത്രി വീണാ ജോർജ് ആയിരുന്നു. കാപ്പാ കേസ്പ്രതിയെ അടക്കം മാലയിട്ട് സ്വീകരിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയും. അന്ന് ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്ന യദുകൃഷ്ണൻ ആണ് തിങ്കളാഴ്ച രണ്ട് ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അളവ് കുറവായതുകൊണ്ട് ജാമ്യത്തിൽ വിട്ടയച്ചു.

കാപ്പാ കേസ് പ്രതിയെ സ്വീകരിച്ചത് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറി ആയിരിക്കുമ്പോഴാണ് പാർട്ടിയിൽ എത്തിയ മറ്റൊരാൾ കൂടി കഞ്ചാവ് കേസിൽ പ്രതിയാകുന്നത്. പാർട്ടിയിൽ ചേർന്നവരുടെ പശ്ചാത്തലം പരിഗണിക്കാതെ സ്വീകരിച്ചത് സമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. ബിജെപി ആർഎസ്എസ് പ്രസ്ഥാനങ്ങൾക്ക് വേണ്ടി ക്രിമിനൽ കേസിൽപ്പെട്ടവർ സ്വയം തിരുത്താനാണ് സിപിഎമ്മിൽ ചേർന്നതെന്നാണ് നേതാക്കളുടെ വാദം.

ENGLISH SUMMARY:

Youth who joined CPMm, was caught with ganja, Pathanamthitta