daughter-in-law-sentenced-t

കാസർകോട് ബേഡകത്ത് ഭർതൃമാതാവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ മരുമകൾക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം കൊളത്തൂർ ചേപ്പിനടുക്കത്തെ അമ്മാളു അമ്മ കൊലക്കേസിലാണ് മകൻ കമലാക്ഷൻ്റെ ഭാര്യ അംബികയെ കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

 

2014 സെപ്റ്റംബറിലായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം. വീടിന്റെ ചായ്പ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ അംബിക കഴുത്ത് ഞെരിച്ചും തലയണ കൊണ്ട് മുഖത്തമർത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്താൻ മൃതദേഹം ചായ്പ്പിൽ കെട്ടിത്തൂക്കി. കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മാളു അമ്മയുടെ മകൻ കമലാക്ഷൻ, ചെറുമകൻ ശരത് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിൽപന നടത്തി പ്രതികളുടെ പേരിൽ സ്ഥലം വാങ്ങിയത് ചോദ്യം ചെയ്തതും വീട്ടിൽ നേരിടുന്ന പീഡനത്തിന്റെ കാര്യം അയൽവാസികളോട് പറഞ്ഞതിലുമുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണം.

പ്രതിഭാഗത്തിന് വേണ്ടി ഫൊറൻസിക് സർജൻ ഡോ. ഷേർലി വാസുവിനെ വിസ്തരിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജനായിരുന്ന ഡോക്ടർ എസ് ഗോപാലകൃഷ്ണപിള്ളയാണ് പോസ്റ്റ്മോർട്ടം നടത്തി അമ്മാളു അമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ്പെക്ടർ ആയിരുന്നു എ സതീഷ് കുമാറാണ്.

ENGLISH SUMMARY:

Daughter-in-law sentenced to life imprisonment and fined Rs 2 lakh for strangling her mother-in-law