lorry-was-intercepted-and-more-than-fifty-buffaloes-were-stolen

TOPICS COVERED

പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ കാറിലും, ജീപ്പിലും, ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് 50 പോത്തുക്കുട്ടികളെയും 27 മൂരിക്കുട്ടികളെയും കവർന്നു. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സിനിമാ സ്റ്റെലിൽ ഡൈവറുടെ കഴുത്തിൽ കത്തിവച്ച് തട്ടിയെടുത്തത്. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ ഷമീർ എന്നിവരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

 

കുഴൽപ്പണം മാത്രമല്ല അത്ര തന്നെ മൂല്യമുള്ള സാധനങ്ങൾ കട്ടെടുക്കാൻ വാളയാറിനും മണ്ണുത്തിക്കുമിടയിൽ കവർച്ചാ സംഘമുണ്ടെന്ന് വീണ്ടും തെളിയുകയാണ്. കത്തി കാട്ടി ഭീഷണിപ്പെടുത്തലും ലോറി തട്ടിയെടുക്കലും കാറിലും, ജീപ്പിലും, ബൈക്കിലുമായെത്തിയ സംഘം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കി. കാർ യാത്രികരെ ആക്രമിച്ചുള്ള കുഴൽപ്പണ വേട്ടയെന്ന പതിവിന് പകരം 50 പോത്തിൻ കുട്ടികളും, 27 മൂരിക്കുട്ടികളും കവർച്ചക്കാർക്ക് കുറച്ച് നേരത്തേക്കെങ്കിലും സ്വന്തം. സുരക്ഷിത സ്ഥലത്ത് പോത്തിനെയും, മൂരികളെയും ഇറക്കും വരെ ലോറി ഡ്രൈവർമാരായ ആഡ്രക്കാരെ അക്രമി സംഘം കാറിൽ നഗരം ചുറ്റിക്കുകയായിരുന്നു. ഒടുവിൽ കാലി ലോറി കൈമാറിയ ശേഷം സ്ഥലം അത്ര പന്തിയല്ലെന്നും ജീവൻ വേണമെങ്കിൽ രക്ഷപ്പെട്ടോളൂ എന്ന ഉപദേശവും.

പതിനഞ്ച് ലക്ഷത്തിലേറെ രൂപ മൂല്യമുള്ള മൃഗങ്ങൾ. പരിപാലിച്ച് വിറ്റാൽ അറുപത് ലക്ഷത്തോളം വില കിട്ടുമെന്ന് കച്ചവടക്കാർ. എഴുപത്തി ഏഴെണ്ണത്തിനെയും വേങ്ങശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും പൊലീസ് കണ്ടെടുത്തു. കോട്ടയം, കായംകുളം സ്വദേശികൾ വളർത്തി വലുതാക്കി വിൽക്കുന്നതിനാണ് ആന്ധ്രയിൽ നിന്നും മൃഗങ്ങളെ കൊണ്ടുവന്നത്. പിടിയിലായ ഷജീർ, ഷമീർ എന്നിവർക്ക് പുറമെ ഒറ്റപ്പാലം സ്വദേശിയുടെ നേതൃത്വത്തിൽ പത്തിലേറെ ആളുകൾ കവർച്ചാ സംഘത്തിലുണ്ടെന്നാണ് വടക്കഞ്ചേരി പൊലീസിൻ്റെ നിഗമനം. 

ENGLISH SUMMARY:

The lorry was intercepted and more than fifty buffaloes were stolen