cheating-arrest

TOPICS COVERED

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പാലക്കാട് മുളയൻകാവ് സ്വദേശി ആനന്ദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പട്ടാമ്പി പൊലീസ് അന്വേഷിച്ചിരുന്ന കേസ് നിലവില്‍ ക്രൈംബാഞ്ചിന് കൈമാറിയിട്ടുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കി മുതുതല സ്വദേശിയില്‍ നിന്നും ആനന്ദ് അറുപത്തി നാല് ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ആനന്ദിനെ ഈ മാസം പത്തൊന്‍പതിനാണ് പട്ടാമ്പി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മുതുതുല സ്വദേശി കിഷോറിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. വ്യത്യസ്ത സമയങ്ങളിലായി ആനന്ദ് കിഷോറിൽ നിന്നും 61 ലക്ഷം രൂപ വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച സമയം സർക്കാറിൽ നിന്നും തനിക്ക് 64 കോടി രൂപ ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായുള്ള വ്യാജ രേഖകളുണ്ടാക്കി വിശ്വാസം വരുത്തിയെന്നുമാണ് പരാതി. സംശയം തോന്നിയ കിഷോർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ആനന്ദിനെ പിടികൂടുകയും ചെയ്തു. കേസിന്റെ വ്യാപ്തി തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശികുമാറിന്റെ നേതൃത്വത്തിലാണ് ആനന്ദിനെ മുളയൻകാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്നും വ്യാജ രേഖകൾ നിർമ്മിക്കാൻ ഉപയോഗിച്ച് ഉപകരണങ്ങളും മറ്റ് തെളിവുകളും പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ ലാമിനേഷൻ ഉപകരണം, പെൻഡ്രെവ്, പ്രിന്റർ തുടങ്ങിയവയും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ആനന്ദിന് മറ്റാരെങ്കിലും സഹായം െചയ്തിരുന്നോ എന്നതുള്‍പ്പെടെ വിശദമായ അന്വേഷണം തുടരുകയാണ്.