തിയറ്ററുകളിൽനിന്ന് സിനിമ നേരിട്ട് ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ . ഒരേ സീറ്റിൽ ബുക്കിങ് നടത്തുന്നവരുടെ പാറ്റേണെടുത്ത് തിരുവനന്തപുരം ഏരീസ് പ്ളക്സ് തിയറ്റർ നടത്തിയ അന്വേഷണത്തിലാണ് വലിയ റാക്കറ്റിലെ രണ്ട് കണ്ണികളെ വലയിലാക്കിയത്. വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട്ടുകാരെ കൊച്ചി സൈബർ സെല്ലിന് കൈമാറി.
പൃഥ്വിരാജ് പ്രോഡക്ഷൻസിനായി സുപ്രിയ മേനോൻ നൽകിയ പരാതിയിലാണ് സിനിമ തിയറ്ററിൽനിന്ന് ഓൺലൈനിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യുന്നവരെ കണ്ടെത്തുന്നതിൽ വഴിത്തിരിവ് ഉണ്ടാക്കിയത്. മേയ് 16ന് റിലീസായ ഗുരുവായൂർ അമ്പലനടയിൽ 17ന് ജയന്തി ജനത ട്രെയിനിലെ യാത്രക്കാർ മൊബൈലിൽ കണ്ടതാണ് പരാതിയിലേക്ക് നയിച്ചത്. ഓൺലൈനിൽ പ്രചരിച്ച പതിപ്പിലെ അദൃശ്യമായ വാട്ടർമാർക്കിൽനിന്ന് സിനിമയുടെ കണ്ടന്റ് പ്രൊവൈഡറായ സ്വകാര്യ കമ്പനിയാണ് കൃത്യം നടന്ന തിരുവനന്തപുരത്തെ ഏരീസ് പ്ളക്സിലെ സ്ക്രീനും സമയവും കണ്ടെത്തിയത്. തുടർന്ന് ഒരേ സീറ്റിൽ ബുക്കിങ് നടത്തുന്നവരുടെ പാറ്റേണെടുത്ത് തിയറ്ററുകാർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൊബൈൽ ബുക്കിങ് ആപ്പുകളും സഹായകമായ വിവരങ്ങൾ കൈമാറി .
വെള്ളിയാഴ്ച ധനുഷ് ചിത്രം രായൻ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന് അതേ തിയറ്ററിലെ അതേ സീറ്റിലേക്ക് തമിഴ്നാട്ടുകാർ എത്തി. ട്രൈപോഡിൽ മൊബൈൽ വച്ച് സിനിമ അപ്ലോഡ് ചെയ്യുന്നതിനിടെ പിടിയുംവീണു. മൊബൈൽ ഫോൺ പിടിക്കപ്പെട്ടാൽ പ്രഥമദൃഷ്ട്യാ തെളിവില്ലാതാക്കാനാണ് പ്രതികൾ റെക്കോർഡ് ചെയ്യാതെ സിനിമ നേരിട്ട് അപ്‌ലോഡ് ചെയ്തിരുന്നത്.