യാത്രക്കാരെ പോലും കൂസാതെ ചെന്നൈയില്‍ മെട്രോ ട്രെയിനിലിരുന്ന് സിഗററ്റില്‍ കഞ്ചാവ് നിറച്ച യുവാവിന് ഒടുവില്‍ പിടിവീണു. തൊണ്ടയാർപെട്ട് സ്വദേശിയായ ഭുവനേശ്വരാണ് പൊലീസ് പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് യുവാവ് കഞ്ചാവ് നിറയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
24 കാരനായ യുവാവ് മെട്രോ ട്രെയിനിലിരുന്ന് സിഗററ്റ് കുറ്റിയിലെ പുകയില ഒഴിവാക്കി കഞ്ചാവ് നിറയ്ക്കുന്ന വിഡിയോയാണ് വന്‍തോതില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് നടപടി. യുവാവിനെതിരെ മറ്റൊരു സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിനും കേസ് നിലവിലുണ്ട്.
വിഡിയോ സംസ്ഥാന പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍െപടുകയായിരുന്നു. പിന്നാലെ തെയ്നാംപെട്ട് ഇന്‍സ്പെക്ടര്‍ സെന്തില്‍ മുരുകന്‍റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തൊണ്ടയാർപെട്ടില്‍ നിന്നും തെയ്നാംപെട്ടിലേക്കുള്ള യാത്രയിലായിരുന്നു യുവാവ് എന്നാണ് പൊലീസ് പറയുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മെട്രോ ഇറങ്ങി നേരെ ജോലിസ്ഥലത്തേക്കാണ് പോയത്.
യുവാവിനെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തതിന് പിന്നാലെ ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയ വിതരണക്കാരനെയും അറസ്റ്റ് ചെയ്തു. 1.5 കിലോ കഞ്ചാവുമായിട്ടാണ് വിതരണക്കാരനായ നരേന്ദ്രന്‍ പൊലീസ് പിടിയിലായത്.