TOPICS COVERED

ടെലിവിഷന്‍ താരം ചിത്രയുടെ ആത്മഹത്യാക്കേസില്‍ ഭര്‍ത്താവിനെ ഹേമന്തിനെ വിട്ടയച്ചു. തിരുവള്ളൂര്‍ മഹിള കോടതിയുടേതാണ് വിധി. മതിയായ തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെ വിട്ടയച്ചത്. 

 മിനി സ്ക്രീനില്‍ തിളങ്ങി നില്‍ക്കെയായിരുന്നു ചിത്രയുടെ ഞെട്ടിക്കുന്ന മരണം. 2020 ഡിസംബറിലാണ് ചിത്ര ആത്മഹത്യ ചെയ്തത്. നസ്രത്േപട്ടിലെ പ്രൈവറ്റ് ഹോട്ടലില്‍ ഷൂട്ടിന് ശേഷം പുലര്‍ച്ചെ ഒന്നരയോടെയാണ് ചിത്ര  ചെക് ഇന്‍ ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് പുറത്തുപോയി മൂന്നുമണിയോട് കൂടി തിരിച്ചെത്തിയപ്പോള്‍ മുറി പൂട്ടിയിരിക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . മകളുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് ഹേമന്താണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. 

ഇവരുടെ പരാതിയിലാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി  കേസെടുത്തത്. കരിയര്‍ അവസാനിപ്പിക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെന്നും നടിയെ സമ്മര്‍ദത്തിലാക്കിയെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ആത്മഹത്യാ പ്രേരണയോ കൊലപാതകമോ തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഹേമന്തിനെ വെറുതെവിട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി മഹിള കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

ENGLISH SUMMARY:

Tamil Actress VJ Chitra's Suicide Case: Husband Acquitted By Mahila Court