gang-rape

മകള്‍ ഒളിച്ചോടിയതിന്‍റെ പ്രതികാരം തീര്‍ക്കാനായി യുവാവിന്‍റെ സഹോദരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി അച്ഛനും ബന്ധുക്കളും. ഒളിച്ചോടിയ യുവതിയുടെ അച്ഛനും മൂന്ന് ബന്ധുക്കളുമാണ് ക്രൂരകൃത്യം നടത്തിയത്. കൂട്ടബലാത്സംഗത്തിന് പുറമേ ഇതിന്‍റെ ദൃശ്യങ്ങളും ഇവര്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഖോരഖ്പുരില്‍ നിന്നുള്ളവരാണ് പ്രതികള്‍. മെയ് ഒന്നിനാണ് യുവതി അതിക്രൂര ബലാത്സംഗത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് തുറന്നുപറയാനുള്ള ആരോഗ്യനിലയിലായിരുന്നില്ല യുവതി. തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറയാന്‍ യുവതിക്ക് മാനസികമായ തയ്യാറെടുപ്പിന് കുറച്ചുസമയം വേണ്ടിവന്നു. അതിനുശേഷമാണ് അവര്‍ പരാതിപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

രവീന്ദര്‍ സിങ് എന്നയാളുടെ മകളുമായാണ് പീഡനത്തിന് ഇരയായ യുവതിയുടെ സഹോദരന്‍ ഒളിച്ചോടിയത്. ഇയാളുള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. രവീന്ദര്‍ സിങ്, സഹോദരന്‍ വരീന്ദര്‍ സിങ്, ഇയാളുടെ മകന്‍ അമാന്‍ സിങ്, സന്തോഷ് സിങ് എന്നിവര്‍ക്കെതിരെയാണ് ടിബ റോഡ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഏപ്രിലിലാണ് യുവതിയുടെ സഹോദരന്‍  രവീന്ദര്‍ സിങിന്‍റെ മകളുമായി ഒളിച്ചോടിയത്. ഇവരെ അന്വേഷിച്ച് മെയ് ഒന്നിന് നാലുപേര്‍ വീട്ടിലെത്തി. സഹോദരനെയും യുവതിയേയും കണ്ടെത്താനാകാതെ വന്നതോടെ തന്നെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി. പൊലീസില്‍ പരാതി നല്‍കിയാല്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസില്‍ പറഞ്ഞു. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ് ഇര.

ENGLISH SUMMARY:

A man along with three family members allegedly gang-raped a married woman here to avenge the perceived humiliation after his daughter eloped with the victim's brother.