smart-watch

TOPICS COVERED

സ്മാർട്ട് വാച്ചിന്റെ കളർ മാറി നൽകിയതില്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ബംഗളൂരുവിലെ ഓൺലൈൻ വ്യാപാര സ്ഥാപനം  30,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടത്.

 

ബന്ധുവിന്റെ വിവാഹ ചടങ്ങിന് അണിയാൻ കറുത്ത നിറമുള്ള സ്മാർട്ട് വാച്ച് ആണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ് ഓൺലൈനിൽ ഓർഡർ ചെയ്തത്. ബെംഗളൂരുവിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് 3,999 രൂപ ഗൂഗിൾ പേ വഴി നൽകുകയും ചെയ്തു. കൊറിയറിൽ വാച്ച് ലഭിച്ചപ്പോൾ നിറം കറുപ്പിന് പകരം പിങ്ക്. ബോക്സ് തുറക്കുന്നതിന്റെ വീഡിയോ സഹിതം വിൽപനക്കാരന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. വ്യാപാര സ്ഥാപനത്തിൻ്റെ ഇൻസ്റ്റഗ്രാം പേജ് വഴി പരാതി പറഞ്ഞപ്പോൾ 24 മണിക്കൂറിനകം പരിഹരിക്കാം എന്ന മറുപടി ലഭിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തിൽ, നഷ്ടപരിഹാരവും കോടതി ചിലവും ആവശ്യപ്പെട്ടാണ് ദേവേഷ് കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച ഡി.ബി.ബിനു അധ്യക്ഷനായ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതി മുപ്പതിനായിരം രൂപ 45 ദിവസത്തിനകം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.

എതിർകക്ഷിയുടെ വാഗ്ദാന ലംഘനം മൂലം പരാതിക്കാരന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായി. ഈ സാഹചര്യത്തിൽ വ്യാപാര സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ഉത്തരവ്. വില്പന വർധിപ്പിക്കുന്നതിനും, അമിത ലാഭത്തിനും വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് കോടതി വിലയിരുത്തി.

Online business has been ordered to pay compensation for changing the color of the smart watch: