TOPICS COVERED

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത് റാഗിങ് പരമ്പര. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സീനിയര്‍ കുട്ടികളില്‍ നിന്ന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബസ് സ്റ്റാന്‍ഡിലിട്ട് കൂട്ടമായി മര്‍ദിച്ചതാണ് ഒടുവിലെത്തെ സംഭവം. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

മുപ്പതുപേരാണ് കൂട്ടമായി ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിക്കുന്നത്. രണ്ട് ദിവസം മുമ്പ് പ്ലസ് വണില്‍ പ്രവേശനം നേടിയ കുട്ടിയെ ഷര്‍ട്ടിന്‍റെ ബട്ടന്‍ അഴിച്ചിട്ടതിനാണ് ഈ മര്‍ദിക്കുന്നത്. പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിക്ക് മുഖത്ത് പരുക്കുണ്ട്. തലയ്ക്കും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും അടിയേറ്റ വേദനയും. പൊലീസില്‍ കുടുംബം പരാതി നല്‍കി. 

ഇനി ഇന്നലെ നടന്നത്. തലശേരി ബിഇഎംപി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ് വണ്‍ ക്ലാസില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിയെ മര്‍ദിച്ചു. അതും ഷര്‍ട്ടിന്‍റെ ബട്ടന്‍ ഇടാത്തതിന്.  അധ്യാപിക നോക്കി നില്‍ക്കെയായിരുന്നു മര്‍ദനം. ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന് അധ്യാപിക പറഞ്ഞെങ്കിലും അത് അനുസരിക്കാതെ അകത്തുകടന്നായിരുന്നു ധിക്കാരം. അടിയ്ക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ ടീച്ചര്‍ സിനിയ്ക്കും മുഖത്തടിയേറ്റു. അബദ്ധത്തില്‍ അടികൊണ്ടതെന്നായിരുന്നു സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചത്. 

ഇക്കണ്ടത് കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് തിങ്കളാഴ്ച കിട്ടിയ അടിയുടെ ദൃശ്യം. അത് പാട്ടുപാടാത്തതിനായിരുന്നു.  അവിടെയും വില്ലന്മാര്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍. ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി.. ഇരുപത് പേര്‍ക്കെതിരെയും ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസുകളിലെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണ് പ്രതികള്‍. എല്ലാവരെയും സ്കൂളില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ നീക്കം. അറിവിന്‍റെയും സൗഹൃദത്തിന്‍റെയും ഉറവിടങ്ങളാകുന്ന വിദ്യാലയങ്ങളില്‍ അക്രമം പടരുന്നത് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് തന്നെ നാണക്കേടാണ്.