തിരുവനന്തപുരം നഗരത്തില്‍ അര്‍ധരാത്രിയില്‍ തട്ടിക്കൊണ്ടുപോകല്‍. ഓട്ടോയില്‍ സഞ്ചരിച്ച യുവാവിനെയാണ് രണ്ട് കാറിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തമിഴ്നാട് തിരുനല്‍വേലിയിലേക്ക് പോകാനെത്തിയ യുവാവിനെ ആക്രമിച്ചത് എട്ടംഗ സംഘമെന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ രാജ്യാന്തര ടെര്‍മിനലിന് മുന്നിലെ ഈ പരിസരത്താണ് തട്ടിക്കൊണ്ടുപോകലിന് തുടക്കം. അര്‍ധരാത്രി പന്ത്രണ്ടരയോടെ മുപ്പത് വയസ് തോന്നിക്കുന്ന യുവാവെത്തി ചാക്ക സ്വദേശി വൈശാഖിന്റെ ഓട്ടോയില്‍ കയറി. തിരുനെല്‍വേലിയിലേക്ക് പോകാനായി നാഗര്‍കോവില്‍ ബസ് കിട്ടുന്ന സ്ഥലത്ത് കൊണ്ടുവിടണമെന്ന് പറഞ്ഞു. തമ്പാനൂര്‍ ബസ് സ്റ്റാന്റിലേക്ക് പോകുന്ന വഴി തകരപ്പറമ്പ് ഓവര്‍ബ്രിഡ്ജിന് സമീപമെത്തിയപ്പോള്‍ തട്ടിക്കൊണ്ടുപോകല്‍ സംഘമെത്തി.
തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ മുന്‍പുള്ള ഈ റോഡില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയത്. ഓട്ടോ ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് കാര്‍ ട്രാക്ക് ചെയ്തു. തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് വാടകയ്ക്കെടുത്തതാണ്. പക്ഷെ ആരെയാണ് തട്ടിക്കൊണ്ടുപോയതെന്നോ ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ ഒരു സൂചനയും നിലവിലില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടാകാം കാരണമെന്ന് സംശയിക്കുന്നു.