wife-bike

TOPICS COVERED

ബൈക്കിനു പിന്നില്‍ ഭാര്യയെ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തിന്‍റെ വിഡിയോ പ്രാദേശികമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് ഈ ക്രൂരത അരങ്ങേറിയത്.

പ്രേമരം മെഹ്വാള്‍ എന്ന ഇരുപത്തിയെട്ടുകാരനാണ് അറസ്റ്റിലായത്. ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെയായിരുന്നു ബൈക്കിനു പിന്നില്‍ കെട്ടിവലിച്ചത്. തന്‍റെ അമ്മയോട് ഭാര്യ സംസാരിച്ച രീതി ഇഷ്ടമായില്ലെന്നു പറഞ്ഞായിരുന്നു വഴക്ക് തുടങ്ങിയത്. ഒരുമാസം മുന്‍പ് നടന്ന സംഭവമാണിത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

യുവാവ് ഭാര്യയെ ബൈക്കിനു പിന്നില്‍ കെട്ടിവലിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇത് കണ്ടുനിന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തി യുവതിയുടെ സഹോദരിക്ക് അയച്ചുനല്‍കി. തൊഴില്‍രഹിതനായ യുവാവ് ഗ്രാമത്തില്‍ തന്‍റെ അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ആറുമാസം മുന്‍പായിരുന്നു ഇയാളുടെ വിവാഹം. വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ ഭാര്യയുമായി സ്ഥിരം വഴക്കിടുന്നയാളാണ് പ്രതിയെന്ന് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കി. മദ്യപാനിയായ ഇയാള്‍ ഭാര്യയെ മര്‍ദിച്ചിരുന്നതായും വിവരമുണ്ട്.

വിഡിയോ ശ്രദ്ധയില്‍പ്പെട്ടതേ യുവാവിനെ അറസ്റ്റ് ചെയ്തു. ഭാര്യ പക്ഷേ പരാതി നല്‍കിയിട്ടില്ല. പൊലീസ് സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. യുവതി നിലവില്‍ ഒരു ബന്ധുവിന്‍റെ വീട്ടിലാണുള്ളത്. അവരെ ഉടന്‍ തിരിച്ചെത്തിക്കും. പ്രതി മറ്റെന്തെങ്കിലും ശാരീരിക അതിക്രമങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ യുവതിയുടെ മൊഴി ലഭിച്ച ശേഷമേ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

A woman was allegedly thrashed by her husband, tied to a motorcycle and dragged around a village.