മുംബൈ താനെയിലെ ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ചയ്ക്ക് എത്തിയ നാലംഗ സംഘത്തെ വടികൊണ്ട് അടിച്ചോടിച്ച് ജീവനക്കാരന്‍. ഇതില്‍ ഒരാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സമയം രാവിലെ ഏതാണ്ട് പതിനൊന്ന് മണി. താനെയിലെ ഒരു ജ്വല്ലറിയിലേക്ക് നാലുപേര്‍ അതിക്രമിച്ച് കയറുന്നു. ഇതില്‍ രണ്ട് പേര്‍ ജീവനക്കാരന് നേരെ തോക്ക് ചൂണ്ടി സ്വര്‍ണവും പണവും എടുക്കാന്‍ ആവശ്യപ്പെടുന്നു. ആദ്യം പതറിപ്പോയ ജീവനക്കാരന്‍ ഉടന്‍ ധൈര്യം വീണ്ടെടുത്തു. പിന്നെ കണ്ടത് നാടകീയമായ ഒരു തിരിച്ചടി. സമീപത്തുണ്ടായിരുന്ന ഒരു വടിയെടുത്ത് കൗണ്ടറും ചാടിക്കടന്ന് ജീവനക്കാരന്‍ അക്രമികളെ നേരിട്ടു. വടിയുടെ ചൂടറിഞ്ഞ സംഘം പുറത്തേക്ക് ഓടി. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം.
രണ്ട് ആഴ്ച മുന്‍പ് നവി മുംബൈ ഖാര്‍ഗറിലെ ജ്വല്ലറിയില്‍ നിന്ന് തോക്ക് ചൂണ്ടി മൂന്നംഗസംഘം 13 ലക്ഷത്തിന്‍റെ ആഭരണങ്ങള്‍ കൊള്ളയടിച്ചിരുന്നു. ഇതെല്ലാം കണ്ട് താനെയില്‍ ജ്വല്ലറി ജീവനക്കാരന്‍ പ്രതിരോധത്തിനായി ഒരു വലിയ വടി കടയില്‍ കരുതി വെച്ചതാണോ എന്നറിയില്ല. ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ജീവനക്കാരന്‍റെ ധൈര്യത്തെ അഭിനന്ദിക്കുയാണ് സമൂഹമാധ്യമ ലോകം.