TOPICS COVERED

ആരുടെയും കണ്ണില്‍ പെടാതെ രാവും പകലും സ്ത്രീകളെ പിന്തുടരും.  ഇരുളിന്‍റെ മറവില്‍  കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തും. ജീവനറ്റുപോകും നേരത്തെ പിടച്ചില്‍ കണ്ട് ആനന്ദിക്കും. ഇരകളുടെ സ്വകാര്യവസ്തുവകകള്‍ സ്വന്തമാക്കും . പിന്നെ മ‍ൃതദേഹം വിജനമായ  കൃഷിത്തോട്ടങ്ങളില്‍   ഉപേക്ഷിക്കും.... അപസര്‍പ്പകകഥയൊന്നുമല്ലിത് . ഉത്തര്‍ പ്രദേശിലെ ബറേലിയെ ഒരു വര്‍ഷമായി ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സീരിയല്‍ കില്ലറുടെ സഞ്ചാരം അപസര്‍പ്പക കഥകളെ പോലും വെല്ലുന്നതാണ്.

സാധാരണക്കാര്‍ അധിവസിക്കുന്ന പരുത്തിക്കും, കരിമ്പിനും പേര് കേട്ട  ബറേലിയിലെ പാര്‍തപൂര്‍ ഗ്രാമം അതുവരെ കേള്‍ക്കാത്തൊരു വാര്‍ത്ത കേട്ടാണ് 2023 ജൂണ്‍ അഞ്ചിന് ഉണര്‍ന്നത് .  ഗ്രാമവാസിയായ കലാവതി കൊല്ലപ്പെട്ടു . ഒരു ദിവസം മുമ്പാണ് കലാവതിയെ കാണാതാകുന്നത് . ഗ്രാമവാസികള്‍ അവര്‍ പോകാനിടയുള്ളിടത്തെല്ലാം അന്വേഷിച്ചു . പക്ഷേ കണ്ടെത്തനായില്ല .  ഒടുവില്‍ മൃതദേഹം ഒരു കരിമ്പിന്‍തോട്ടത്തില്‍ കണ്ടെത്തി . കാണാതായപ്പോള്‍ അവര്‍ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം നഷ്ടമായി . അത് ഒരു കൊലപാതക പരമ്പരയുടെ തുടക്കമാണെന്ന് അന്നാരും തിരിച്ചറിഞ്ഞില്ല . പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താനുമായില്ല.

 രണ്ടാഴ്ചയ്ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 19ന്  തൊട്ടടുത്ത ഗ്രാമമായ കുല്‍ച്ചയില്‍ താമസിച്ചിരുന്ന ധനാവതിയുടെ മൃതദേഹവും ഒരു കരിമ്പുപാടത്ത് കണ്ടെത്തി. കലാവതിയുടേതിന് സമാനമായ കൊലപാതകം .  അവിടെയും അവസാനിച്ചില്ല പതിനൊന്നാം ദിനം

ആനന്ദ്പൂര്‍ ഗ്രാമവാസിയായ പ്രേമാവതിയുടെ മൃതദേഹവും ഒരു  കരിമ്പു പാടത്തില്‍ കണ്ടെത്തിയതോടെ സീരിയല്‍ കൊലയാളിയുടെ സാന്നിധ്യം പൊലീസും ഗ്രാമവാസികളും തിരിച്ചറിഞ്ഞു. പക്ഷേ കൊലയാളിയിലേക്ക് വെളിച്ചം വീശുന്ന ഒരു തെളിവും കിട്ടിയില്ല. അങ്ങിനെ 2023 നവംബര്‍വരെ  8 കൊലപാതകങ്ങള്‍ ..  എല്ലാ കൊലപാതകങ്ങളും നടന്നത് 25 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടു പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ . എല്ലാവരും കൊല്ലപ്പെട്ടത് ഉച്ചയോടെ ... അതും ഒരേ രീതിയില്‍. കഴുത്തില്‍ തുണി ചുറ്റി ഞെരിച്ച് ശ്വാസം മുട്ടിച്ച്. മൃതദേഹങ്ങളെല്ലാം കണ്ടെത്തിയത് കരിമ്പ്, മുളക് പാടങ്ങളിലും വനത്തിലും. ഗ്രാമവാസികളായസ്ത്രീകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ടു തുടങ്ങി . ആര് എവിടെവച്ച് കൊലചെയ്യപ്പെടുമെന്ന് പ്രവചിക്കാന്‍ പോലും കഴിയാത്ത സ്ഥിതി

കൊലപാതക പരമ്പരയ്ക്കിടെ  പ്രതിയെന്ന് സംശയിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.  എന്നാല്‍ ഇവര്‍  കസ്റ്റഡിയിലായിരിക്കുമ്പോഴും കൊലപാതങ്ങള്‍ നടന്നു. വനിതകളെ കൊന്നതിന് അറസ്റ്റിലായി  ജാമ്യത്തിലിറങ്ങിയ ചിലരെ കേന്ദ്രീകരിച്ചായി പിന്നീടന്വേഷണം. അതും ലക്ഷ്യം കണ്ടില്ല.   കൊലപാതകങ്ങളിലെ സമാനതകള്‍ പൊലീസ് ചികഞ്ഞെടുത്തു. അത്  ഒരു സീരിയല്‍ കില്ലറിലേക്കുള്ള വഴിതുറന്നു.  അന്വേഷണത്തിന്‍റെ ഭാഗമായി  1,500 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പക്ഷേ പ്രതിയെന്ന് സംശയിക്കുന്ന ആരെയും കണ്ടെത്താനായില്ല. ഒടുവില്‍ പൊലീസ്  ബറേലിയില്‍ പലയിടങ്ങളിലായി600 പുതിയ ക്യാമറകള്‍ സ്ഥാപിച്ചു.  ഒന്നരലക്ഷം  മൊബൈൽ ഫോണ്‍ സന്ദേശങ്ങള്‍ വിശകലനം ചെയ്തു. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി  രേഖാചിത്രം തയാറാക്കി. പ്രതിയെ കുറിച്ച് ഏകദേശ  ധാരണ ലഭിച്ചു.  ഓപ്പറേഷന‍് തലാഷ് എന്ന് പേരിട്ട അന്വേഷണത്തിിനായി  22അംഗപൊലീസ് സംഘത്തെ നിയോഗിച്ചു

നവംബറിൽ എട്ടാമത്തെ കൊലപാതകം നടന്നതിന് ശേഷം ഏഴ് മാസം കഴിഞ്ഞ് ജൂലൈയിലായിരുന്നു ഒന്‍പതാമത്തെ കൊലപാതകം .

ആഗസ്ത് 3ന്  ഹോസ്പുര്‍ ഗ്രാമത്തിലെ . അനിതാ ദേവിയായിരുന്നു  ഇര.അവരെ കൊന്നതും സാരി കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപാതകത്തിനുശേഷം രക്ഷപ്പെടാന്‍ കഴിയും മുമ്പേ പൊലീസ് ഇയാളെ വലയിലാക്കി . പ്രതി കുല്‍ദീപ് കുമാര്‍ ഗംഗ് വാര്‍ . അയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതാകട്ടെ  മുറിവേറ്റ ബാല്യത്തിന്‍റെ പ്രതികാരത്തില്‍ ചാലിച്ച തെളിവുകളും.

 മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് കുല്‍ദീപിലേക്കുള്ള ദൂരം കൂട്ടിയതെന്ന് അറസ്റ്റിന് ശേഷം പൊലീസ് പറഞ്ഞു . ഒരു സ്ത്രീയെ ലക്ഷ്യമിടുന്നത്  മറ്റാരെങ്കിലും ശ്രദ്ധിക്കുന്നതായിസംശയം തോന്നിയാല്‍പോലും  ആ ദൗത്യം ഉപേക്ഷിക്കുന്നതാണ് കുല്‍ദീപിന്‍റെ ശൈലി. സ്ത്രീകളോട് തനിക്ക് വെറുപ്പാണെന്നും ഒറ്റയ്ക്ക് കണ്ടാല്‍ കൊലപ്പെടുത്തുമെന്നും കുല്‍ദീപ് ചോദ്യം ചെയ്യലിനിടെ പറഞ്ഞു.  ഇങ്ങനെ കൊലപ്പെടുത്തുന്ന സ്ത്രീകള്‍ക്ക് കുല്‍ദീപുമായി ഒരു ബന്ധവുമുണ്ടായിരിക്കില്ല എന്നതാണ് വിചിത്രം.  ഇരകളുടെ സ്വകാര്യ വസ്‌തുക്കളായ പൊട്ട്, ലിപ്സ്റ്റിക്ക്, ഐഡന്‍റിറ്റി കാര്‍ഡുകള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഓരോ സ്ത്രീയുടെയും സ്വകാര്യ വസ്തുക്കളെ ഇയാള്‍ ട്രോഫി പോലെയാണ് കണ്ടതെന്നും പൊലീസ് പറഞ്ഞു.

 കുട്ടിക്കാലത്തെ മോശം അനുഭവങ്ങളാണ് 38കാരനായ കുല്‍ദീപിനെ കൊലയാളിയാക്കിയത്. അമ്മ ജീവിച്ചിരിക്കെ അച്ഛന്‍ രണ്ടാംവിവാഹം കഴിച്ചതില്‍ നിന്നാണ് കുല്‍ദീപിലെ കുറ്റവാളി പിറവിയെടുക്കുന്നത്. രണ്ടാനമ്മയുമായുള്ള കലഹം  സ്ത്രീകളോടുള്ള വെറുപ്പായി പരിണമിച്ചു.  2014ൽ വിവാഹിതനായെങ്കിലും ദാമ്പത്യ ജീവിതം പരാജയമായിരുന്നു. ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് ഭാര്യ ഇയാളെ ഉപേക്ഷിച്ചു . ഇതും സ്ത്രീകളോടുള്ള വെറുപ്പിന് ആക്കം കൂട്ടി.  50 കാരിയായ രണ്ടാനമ്മയോടുള്ള ദേഷ്യത്തിൽ മധ്യവയസ്കരായ സ്ത്രീകളെ വേട്ടയാടാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ അനുമാനം.

ENGLISH SUMMARY:

Uttar Pradesh Bareilly serial killer