പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് സുൽത്താൻ ബത്തേരി എസ്ഐ സി.എം. സാബു വിജിലൻസ് പിടിയിൽ. പരാതിക്കാരനും മറ്റൊരു കേസിൽ പ്രതിയുമായ നെന്മേനി സ്വദേശിക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് എസ്ഐ പണം ആവശ്യപ്പെട്ടത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്ന് ഉച്ച തിരിഞ്ഞു മൂന്നരയോടെയാണ് എസ്ഐ സാബു വിജിലൻസ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചകളിൽ പൊലിസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പരാതിക്കാരന് കോടതി നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശം പരാതികാരൻ തെറ്റിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണിപെടുത്തിയാണ് സാബു പണം ആവശ്യപ്പെട്ടത്.
പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസിന്‍റെ നിർദേശ പ്രകാരം 40000 രൂപ കൈപറ്റുന്നതിനിടെയാണ് എസ് ഐ പിടിയിലായത്.
ഒരു ലക്ഷം രൂപ എസ് ഐ ആവശ്യപ്പെട്ടതെന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് ഡി വൈ എസ് പി ഷാജി വർഗീസും സംഘവും നടത്തിയ പരിശോധനയിൽ പൊലീസ് ക്വാർട്ടേഴ്സിനു സമീപത്തു വെച്ചാണ് സാബു പിടിയിലായത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും