മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് കൊച്ചി തൃക്കാക്കരയിൽ ഇരുപതുകാരിക്ക് ക്രൂരമർദനം. കോട്ടയം സ്വദേശിനിയായ യുവതിയെയാണ് നടുറോഡിൽ ആക്രമിച്ചത്. പരാതിയിൽ പെൺകുട്ടിയുടെ സുഹൃത്തായ കോട്ടയം സ്വദേശി അൻസലിനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തു. തൃക്കാക്കര കെ.എം.എം കോളജിന് മുന്നിൽ വച്ചാണ് ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ യുവതിയെ ഇയാൾ ആക്രമിച്ചത്. അൻസലിന്റെ ശല്യം സഹിക്കാതായതോടെയാണ് പെൺകുട്ടി നമ്പർ ബ്ലോക്ക് ചെയ്തത്. തുടർന്ന് കോളജിന് സമീപം കാത്തുനിന്ന ഇയാൾ പെൺകുട്ടിയെ നടുറോഡിൽ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ഇരുകവിളിലും മാറിമാറി അടിക്കുകയായിരുന്നു. യുവതിയുടെ ഒരുലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ റോഡിൽ എറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. ആളുകൾ ഓടിക്കൂടിയതോടെയാണ് യുവതിയെ വിട്ട് ഇയാൾ രക്ഷപ്പെട്ടത്.