വിവാദമായ വനനിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കില്ല. പട്ടികയില്‍ നിന്നൊഴിവാക്കാന്‍ മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. 1961 ലെ  നിയമമാണ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. 2019 ൽ ഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഇതു കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ഭേദഗതിക്ക് മുതിര്‍ന്നത്. പ്രതിപക്ഷം എതിർപ്പ് കടുപ്പിക്കുന്നതിനിടെ പി.വി. അൻവറും മുന്നണിക്കുള്ളിൽ നിന്ന് കേരളാ കോൺഗ്രസും നിയമദേഭഗതിക്കെതിരെ രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിൽ ആക്കി. മലയോരത്തെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി കേരളാ കോൺഗ്രസിന് ഉറപ്പ് നൽകിയിരുന്നു. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വന്നേക്കാം തിരഞ്ഞെടുപ്പ് വിഷയമായിക്കൂടി ഇത് ഉയർന്നു വരും. ഈ പശ്ചാത്തലത്തിലാണ് തിടുക്കത്തിൽ ബിൽ സഭയിൽ കൊണ്ടു വരേണ്ട എന്ന തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. 

എന്താണ് വനംനിയമ ഭേദഗതി; എതിര്‍പ്പെന്തിന്?

നവംബര്‍ ഒന്നിന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലെ 27, 52, 63 വകുപ്പുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വനത്തിൽ അതിക്രമിച്ച് കടന്നാൽ 5000 മുതൽ 25000 രൂപ വരെ പിഴയീടാക്കാൻ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നിലവിൽ 1000 രൂപ പിഴയീടാക്കിയിരുന്ന കേസുകളിൽ പിഴ തുക 5000 ആയി ഉയര്‍ത്താനായിരുന്നു ശുപാര്‍ശ.

5000 രൂപ ആയിരുന്നത് 25000 ആയി വർധിപ്പിക്കാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. . വനത്തിന്‍റെ അതിർത്തി കല്ലുകൾ ഇളക്കിയാലും നിയമ നടപടി സ്വീകരിക്കും. വനമേഖലയിലുള്ള പുഴയിലെ മീൻ പിടിക്കുന്നതും കുറ്റകരമാകും. ഏതെങ്കിലും കേസിൽ വനം വകുപ്പിന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിലോ, പരിശോധന നടത്തുന്നതിനോ ഡിഎഫ്ഒമാരാണ് വാറന്റ് അനുവദിക്കുന്നത്. എന്നാൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ മുതലുള്ളവർക്ക് കേസെടുക്കാനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അധികാരം നൽകുന്നതായിരുന്നു പുതിയ നിയമ ഭേദഗതി. 

ഉദ്യോഗസ്ഥർക്ക് വൻ അധികാരം നല്‍കുന്നതാണ് സര്‍ക്കാര്‍ കൊണ്ടുവരാനിരുന്ന ഭേദഗതി. ഇതനുസരിച്ച് ഉദ്യോഗസ്ഥർക്ക് വാറന്റ് ഇല്ലാതെ വീട്, വാഹനങ്ങൾ എന്നിവ പരിശോധിക്കാം. വന്യജീവിയാക്രമണത്തിൽ ജീവഹാനിയുണ്ടാകുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ കനത്ത പ്രതിഷേധം നേരിടേണ്ടി വരാറുണ്ട്. വനത്തിനു പുറത്തു വച്ചുണ്ടാകുന്ന പ്രതിഷേധങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമായാല്‍ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത്. എന്നാൽ വന നിയമ ഭേദഗതി ബിൽ നിയമമായാൽ വനത്തിനു പുറത്തു വച്ചും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാൻ അധികാരം ലഭിക്കും. ഇടുക്കി രൂപത , ഇൻഫാം, കിഫ, അതിജീവന പോരാട്ട വേദി, ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ് ഉൾപ്പെടെയുള്ള സംഘടനകളും നിയമ ഭേദഗതിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടത്താനാണ് തീരുമാനം.

ENGLISH SUMMARY:

The controversial Forest Act Amendment Bill will not be introduced in the Assembly. The Cabinet meeting decided to remove it from the list. .