child-death

TOPICS COVERED

ഇടുക്കി ഉടുമ്പൻചോലയിൽ മുത്തശ്ശിയോടൊപ്പം കാണാതായ നവജാതശിശുവിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ സ്വദേശി പുത്തൻപുരക്കൽ ചിഞ്ചുവിന്‍റെ ആൺ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിഞ്ചുവിന്‍റെ അമ്മ ജാൻസിയെയും കുഞ്ഞിനെയും ഇന്ന് പുലർച്ചെയാണ് വീട്ടിൽ നിന്നും കാണാതായത്.

ഇന്ന് പുലർച്ചെയാണ് നവജാത ശിശുവിനെയും മുത്തശ്ശി ജാൻസിയെയും ചെമ്മണ്ണാറിലെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപം തോടിന്‍റെ കരയിൽ കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തിയത്. ഉടൻ തന്നെ കുഞ്ഞിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവശനിലയിൽ കണ്ടെത്തിയ മുത്തശ്ശി ജാൻസിയെ ചികിത്സക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . ഉടുമ്പൻചോല പൊലീസ് ജാൻസിയുടെ മൊഴി രേഖപ്പെടുത്തി. ജാൻസിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ മരണകാര്യത്തിൽ വ്യക്തത വരൂ.

ENGLISH SUMMARY:

Newborn baby missing with grandmother found dead near home