പത്തനംതിട്ട പെരുനാട്ടിൽ തലയോട്ടി ഉൾപ്പെടെ മനുഷ്യന്റെ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. കാടുപിടിച്ചു കിടന്ന റബർ തോട്ടത്തിലാണ് തലയോട്ടിയും അസ്ഥികൂട ഭാഗങ്ങളും കണ്ടെത്തിയത്. സമീപത്തുനിന്ന് കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി ഒന്നരവർഷമായി ടാപ്പിങ് ഇല്ലാതിരുന്ന റബർതോട്ടമാണിത്.
റബ്ബർ വെട്ടി മാറ്റാൻ വന്ന തൊഴിലാളികളാണ് തലയോട്ടി കിടക്കുന്നത് കണ്ടത്. തലയോട്ടി,ഇടുപ്പെല്ല്,കാലിന്റെയും കൈയുടെയും അസ്ഥികൾ എന്നിവയാണ് കണ്ടെത്തിയത്. തലയോട്ടി ഒഴികെ മറ്റ് അസ്ഥികൂട ഭാഗങ്ങൾ റബ്ബർ തോട്ടത്തിന്റെ പല ഭാഗങ്ങളിൽ നിന്നായാണ് പരിശോധനയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് റബ്ബർ തോട്ടത്തിൽ തടി വെട്ടാൻ എത്തിയ തൊഴിലാളികൾ തലയോട്ടി കണ്ടത്. ശബരിമലയിലേക്കുള്ള പ്രധാന പാതയിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് റബർതോട്ടം. സ്ത്രീയുടേതാണോ പുരുഷന്റേതാണോ തുടങ്ങിയ കാര്യങ്ങൾ വിശദമായ പരിശോധനയിലൂടെ വ്യക്തമാവൂ. മാസങ്ങൾ പഴക്കമുണ്ടെന്നാണ് നിഗമനം. പ്രദേശത്തുനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങി