മൂന്നു വയസുള്ള മകളെ കഴുത്തറുത്ത് കൊന്ന യുവതി പിടിയില്‍. ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാനാണ് കൃത്യം ചെയ്തതെന്നു പ്രതിയുടെ മൊഴി. ബിഹാറിലെ മുസഫര്‍പുരിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. കുഞ്ഞിന്റെ അമ്മ കാജല്‍ ആണ് അറസ്റ്റിലായത്.
കുഞ്ഞിനെ സ്വീകരിക്കാന്‍ കാമുകന്‍ തയ്യാറാകാത്തതാണ് കൊലയിലേക്ക് നയിച്ചതെന്നു യുവതി പൊലീസിനോടു വെളിപ്പെടുത്തി. പ്രസിദ്ധമായ ടിവി ഷോയാണ് കൃത്യത്തിനു പ്രചോദമായതെന്നും മൊഴി. മുസാഫര്‍പുരിലെ മിനാപുരില്‍ പാര്‍പ്പിടസമുച്ചയത്തിന് സമീപത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ അന്വേഷണ സംഘം കണ്ടെത്തിയത്.
യുവതിയുടെ വീടിന്റെ തറയിലും ടെറസ്സിലും രക്തക്കറ കണ്ടിരുന്നു. സംഭവദിവസം ബന്ധുവീട്ടില്‍ പോയതായി കാജല്‍ ഭര്‍ത്താവിനോടു വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ യുവതി അവിടെയെത്തിയില്ലെന്നു പിന്നീട് മനസിലായി. ഇതോടെ ഭര്‍ത്താവ് പൊലീസ് പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും യുവതിയെ കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു വര്‍ഷമായി ഈ ബന്ധം തുടരുന്നുണ്ടെന്നും യുവതി പറഞ്ഞു.