അങ്ങേയറ്റം ഞെട്ടല്‍ ഉളവാക്കുന്നൊരു വാര്‍ത്തയാണ് ജാര്‍ഖണ്ഡില്‍ നിന്നും പുറത്തുവരുന്നത്. ബോര്‍ഡ് എക്സാമിനു മുന്‍പേയുള്ള സ്കൂളിലെ അവസാനദിനം പൊതുവേ കുട്ടികള്‍ക്ക് ആഘോഷത്തിന്റേത് കൂടിയാണ്. ഈ സ്കൂളിലെ കുട്ടികള്‍ ഷര്‍ട്ടില്‍ ആശംസകള്‍ എഴുതിയാണ് സഹപാഠികളോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. പക്ഷേ ഈ സ്നേഹപ്രകടനവും ആഘോഷവും പ്രധാന അധ്യാപികയ്ക്ക് രസിച്ചില്ല. നൂറോളം വരുന്ന കുട്ടികളോട് ഷര്‍ട്ട് അഴിച്ച് ഉള്‍വസ്ത്രം മാത്രം ധരിച്ച് തിരിച്ചുപോകാനാണ് അധ്യാപിക ആവശ്യപ്പെട്ടത്. ഒടുവില്‍ ഭീഷണിയ്ക്ക് വഴങ്ങി കുട്ടികള്‍ക്ക് അങ്ങനെ ചെയ്യേണ്ടിവന്നുവെന്നാണ് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ധന്‍ബാദ് ജില്ലയിലെ സ്വകാര്യ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളിലാണ് സംഭവം. പത്താംക്ലാസില്‍ പഠിക്കുന്ന നൂറോളം വരുന്ന വിദ്യാര്‍ഥിനികളാണ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സ്കൂളിലെ ബോര്‍ഡ് പരീക്ഷയ്ക്കു മുന്‍പായുള്ള അവസാന പ്രവര്‍ത്തിദിവസം. ആ ദിവസം സന്തോഷംന ിറഞ്ഞ ഓര്‍മകളാവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി സഹപാഠികള്‍ പരസ്പരം ഷര്‍ട്ടില്‍ നല്ല വാക്കുകള്‍ എഴുതിനല്‍കി. ആഘോഷം പാരമ്യത്തിലെത്തി നില്‍ക്കവേയാണ് അധ്യാപികയുടെ ക്രൂര നടപടി.
ഷര്‍ട്ട് അഴിക്കാതെ ഒരൊറ്റക്കുട്ടിപോലും തിരിച്ച് വീട്ടില്‍ പോവില്ലെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതോടെ നൂറോളം വരുന്ന കുട്ടികളും ഷര്‍ട്ട് അഴിച്ചു, പക്ഷേ അത് തിരിച്ചിടാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല ഷര്‍ട്ട് ഇല്ലാതെ വീട്ടില്‍പോയാല്‍ മതിയെന്നും അധ്യാപിക പറഞ്ഞു. ഇതോടെ കുട്ടികള്‍ കരഞ്ഞുനിലവിളിച്ച് അപേക്ഷിച്ചെങ്കിലും അധ്യാപികയുടെ മനസലിഞ്ഞില്ല. ഒടുവില്‍ ഈ രീതിയില്‍ വീട്ടിലെത്തിയ കുട്ടികള്‍ മാതാപിതാക്കളോട് കാര്യങ്ങള്‍ അവതരിപ്പിച്ചു.
മാതാപിതാക്കള്‍ ധന്‍ബാദ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കി. എത്രത്തോളം വലിയ മാനസിക പീഡനമാണ് അധ്യാപിക കുട്ടികള്‍ക്ക് നല്‍കിയതെന്നും വസ്ത്രമില്ലാതെ വീട്ടിലേക്ക് വന്നപ്പോള്‍ കുട്ടികള്‍ അനുഭവിച്ച മാനസികവ്യഥ പറഞ്ഞറിയിക്കാനാവാത്തതാണെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ അനുഭവിക്കേണ്ടിവന്ന വേദനയും അപമാനവും തങ്ങള്‍ക്കും താങ്ങാനാവാത്തതാണ്. ഇത്രയും വലിയ ക്രൂരത കുട്ടികളോട് കാണിച്ച അധ്യാപികയ്ക്കെതിരെ കടുത്ത നടപടി വേണമെന്നും ഇനി മേലില്‍ അവരൊരു അധ്യാപികയായി ജോലി ചെയ്യുന്ന സാഹചര്യമുണ്ടാവരുതെന്നും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസര്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, പോലീസ് എന്നിവരെ ചേര്‍ത്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചെന്നും കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.