TOPICS COVERED

കേരളത്തിലേക്ക് കടത്താൻ എത്തിച്ച 30 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. തമിഴ്നാട് കമ്പത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഓണാവധി കാലത്ത് കേരളത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് കമ്പം - കൊമ്പേ റോഡിൽ പൊലീസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. കോമ്പേ സ്വദേശികളായ ഇളയേന്ദ്രൻ,സുരേഷ്, വനരാജ് എന്നിവരാണ് പിടിയിലായത്. ഇരുചക്ര വാഹനങ്ങളിലെത്തി കേരളത്തിലെ വിവിധ മേഖലകളിൽ കഞ്ചാവ് വിതരണം ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ആന്ധ്രയിൽ നിന്ന് എത്തിച്ച കഞ്ചാവ് കമ്പത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. 

പ്രതികൾ സഞ്ചരിച്ച രണ്ട് ഇരുചക്രവാഹനങ്ങളിൽ മൂന്ന് ചാക്കുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഓണം കണക്കാക്കി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി ലഹരി കടത്തുന്നുണ്ടെന്നാണ് സൂചന. കമ്പം സൗത്ത് ഇൻസ്പെക്ടർ വനിത മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി കടത്ത് തടയാൻ ജില്ലയുടെ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് എക്സൈസും, പൊലീസും പരിശോധന ശക്തമാക്കി.