വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണ്ണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 25 പവൻ സ്വർണം വീടിന് സമീപത്തെ പറമ്പിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം മാറനല്ലൂർ പുന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹ ശേഷമാണ് ഭാര്യയുടെ സ്വർണം മോഷണം പോയത്. വിവാഹ സൽക്കാരം നടക്കുന്നതിനിടെ വീട്ടിൽ അഴിച്ചു വച്ചിരുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെടുകയായിരുന്നു. മാറനല്ലൂര്‍ പോലീസ് പരിശോധന പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. 

ഇക്കഴിഞ്ഞ ഉത്രാട ദിനത്തിലാണ് ഗിലിന്റെ ഭാര്യ ഹന്നയുടെ 25 പവൻ സ്വർണം വീട്ടിൽ നിന്ന് മോഷണം പോയത്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഇരുവരും തൊട്ടടുത്ത ഹാളില്‍ വിരുന്ന് സല്‍ക്കാരത്തിനായി പോയ സമയത്താണ് വീട്ടില്‍ അഴിച്ച് വച്ചിരുന്ന ഹന്നയുടെ സ്വര്‍ണ്ണം മോഷണം പോയത്. മുറിയിൽ 28 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിലും ഒരു മാലയും വളയും കമ്മലും ഉൾപ്പടെ 3 പവൻ എടുക്കാതെ ബാക്കിയുള്ള 25 പവൻ സ്വർണ്ണവുമായാണ് മോഷ്ടാവ് കടന്നത്. മോഷണം നടന്ന് അഞ്ചു ദിവസത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മോഷണം പോയ ആഭരണങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

എന്നാൽ ഇതിൽ ചില മോതിരങ്ങൾ കൂടി കണ്ടെത്താനുണ്ടെന്ന് ഗിലിൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിവാഹത്തിൽ പങ്കെടുത്ത ആളുകൾ ഉൾപ്പടെ എട്ടുപേരെ പൊലീസ് സംശയിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പ്രതിയെ പറ്റി ചില സൂചനകൾ ലഭിച്ചതയാണ് വിവരം. മാറനല്ലൂര്‍ പോലീസ് പരിശോധന പൂർത്തിയാക്കി. പിടിക്കപ്പെടുമെന്ന സാഹചര്യത്തിൽ പ്രതി തന്നെ സ്വർണം വഴിയിൽ ഉപേക്ഷിച്ചതാകമെന്നാണ് പൊലീസ് നിഗമനം. 

ENGLISH SUMMARY:

The stolen gold from home was left on the road