sandal-arrest

TOPICS COVERED

മലപ്പുറം മഞ്ചേരിയിൽ 66 കിലോ ചന്ദനവുമായി യുവാവ് പിടിയിൽ. മഞ്ചേരി സ്വദേശി അസ്കർ അലിയാണ് പിടിയിലായത്. ചന്ദനമാഫിയയുമായി ബന്ധമുള്ള പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

കോഴിക്കോട്, നിലമ്പൂർ, വയനാട് വനം വിജിലൻസ് വിഭാഗം സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്നും ചന്ദനം കണ്ടെടുത്തത്. പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിലും, വീടിന്‍റെ പിൻവശത്തെ ഷെഡിനുള്ളിൽ നിന്നും, തെങ്ങിന്‍റെ മടലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു ചന്ദന ശേഖരം. കോഴിക്കോട് വനം വിജിലൻസ് ഡിഎഫ്ഒ വി. പി. ജയപ്രകാശിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ വനം വിജിലൻസ് റേഞ്ച് ഓഫീസർ, കോഴിക്കോട് റേഞ്ച് ഓഫീസർ കൽപ്പറ്റ റേഞ്ച് ഓഫീസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. 

മഞ്ചേരി പുല്ലരയിലെ പ്രതിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ചന്ദനം കണ്ടെത്താനായില്ല. തുടർന്നാണ് വീടിന് പരിസരത്തെ ഷെഡിൽ പ്ലാസ്റ്റിക് ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ ചന്ദനം കണ്ടെത്തിയത്. മുൻപ് സേലത്തു പിടിയിലായ ചന്ദനക്കേസിലെ പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.  പ്രതിയെയും കണ്ടെടുത്ത തൊണ്ടിമുതലും കൊടുമ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് കൈമാറാനാണു തീരുമാനം.