യുവനടിയുടെ പരാതിയില്‍ സിദിഖിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍. പരാതി നല്‍കിയ നടിയുടെ മൊഴിയെടുത്തു. യുവനടന്‍ കടന്നുപിടിച്ചതായി ആരോപിച്ച് പരാതി നല്‍കിയെങ്കിലും ആരോപണ വിധേയന്റെ പേര് വെളിപ്പെടുത്താനാവില്ലെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞു. ബാബുരാജും വി.കെ.പ്രകാശും ശ്രീകുമാര്‍ മേനോനും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ ഇന്ന് തീരുമാനമായേക്കും.
ഇതുവരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതിലെ ഏറ്റവും ഗുരുതര കേസില്‍ പ്രതിയാവുകയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദിഖ്. ജാമ്യമില്ലാക്കുറ്റമായ ബലാല്‍സംഗത്തിന് പുറമെ ഭീഷണിക്കുറ്റവും ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരില്‍ തിരുവനന്തപുരത്ത് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മസ്കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും സിദിഖിന്റെ ചോദ്യം ചെയ്യലിലേക്ക് കടക്കുക.
എന്നാല്‍ നടിയുടെ ആരോപണത്തിനെതിരെ ആദ്യം തന്നെ സിദിഖ് പരാതി നല്‍കിയിരുന്നു. 8 വര്‍ഷം മുന്‍പുള്ള കുറ്റകൃത്യമായതിനാല്‍ ശാസ്ത്രീയ തെളിവുകളുണ്ടാവില്ല. സാഹചര്യത്തെളിവുകള്‍ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. അറസ്റ്റ് ചെയ്താല്‍ ജാമ്യം ലഭിക്കില്ല. അതിനാല്‍ അറസ്റ്റിന് മുന്‍പ് മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കം സിദിഖ് തുടങ്ങി. യുവനടന്‍ കടന്ന് പിടിച്ചതായി ആരോപിച്ച് സോണിയ മല്‍ഹാറും പരാതി നല്‍കിയതോടെ അന്വേഷണസംഘത്തിന് ആകെ 18 പരാതികള്‍ ലഭിച്ചു.
നടന്‍ ബാബുരാജിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ പരാതി നല്‍കിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. സംവിധായകന്‍ വി.കെ.പ്രകാശിനെതിരെ പരാതി നല്‍കിയ കഥാകൃത്തിന്റെ മൊഴിയെടുക്കാനും നടപടി തുടങ്ങി. ഈ രണ്ട് പരാതികളിലും ഇന്നോ നാളെയോ കേസെടുത്തേക്കും.