trai-fraud

TOPICS COVERED

ട്രായ് മുംബൈ പൊലീസെന്ന വ്യാജേന ഫോണില്‍വിളിച്ച് പണം തട്ടുന്ന സംഘത്തിലെ നാല്പേര്‍ കൊച്ചിയില്‍ പിടിയില്‍. സംഘത്തലവന്‍ കൊച്ചി സ്വദേശി നൗഷാദിനായി അന്വേഷണം ഊര്‍ജിതം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൗഷാദിന്‍റെ നേതൃത്വത്തില്‍ കോടികള്‍ തട്ടിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.   വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വിവിധ അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന രാജ്യവ്യാപകമായി നടക്കുന്ന സൈബര്‍ തട്ടിപ്പുകളുടെ ഗണത്തില്‍പ്പെടുന്നതാണ് ട്രായ് മുംബൈ പൊലീസ് തട്ടിപ്പ്. കൊച്ചിയില്‍ താമസിക്കുന്ന കന്യാകുമാരി സ്വദേശിയില്‍ നിന്ന് രണ്ടരലക്ഷത്തിലേറെ രൂപയാണ് സംഘം തട്ടിയത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘമായിരുന്നു തട്ടിപ്പിന് പിന്നില്‍.  മലപ്പുറം സ്വദേശി മുഹമ്മദ് നിഷാം, ചാവക്കാട് സ്വദേശികളായ ഹസ്നുള്‍ മിജിവാദ്, മുഹമ്മദ് അജ്മല്‍, മട്ടാഞ്ചേരി സ്വദേശി അമീര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന്‍റെ തലവന്‍ നൗഷാദിനായി വലവിരിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇയാളുടെ നേതൃത്വത്തില്‍ യുവാക്കളെ ഉള്‍പ്പെടുത്തി വന്‍സംഘമാണ് തട്ടിപ്പ് നടത്തുന്നത്. 

പിടിയിലായ യുവാക്കളെ ഉപയോഗിച്ച് രണ്ടരക്കോടിയുടെ തട്ടിപ്പ് ഇതിനോടകം നൗഷാദ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ടെലികോം റഗുലേറ്ററി അഥോറിറ്റിയിലെ പൊലീസുകാരെന്ന് പരിചയപ്പെടുത്തിയാണ് സംഘത്തിന്‍റെ തട്ടിപ്പ്. മൊബൈലില്‍ നിന്ന് നിയമവിരുദ്ധമായതും ഭീഷണിപ്പെടുത്തുന്നതുമായി സന്ദേശങ്ങള്‍ അയച്ചതായി ചൂണ്ടിക്കാട്ടിയാണ് കന്യാകുമാരി സ്വദേശിയെ തട്ടിപ്പ് സംഘം വിളിച്ചത്. വന്‍ സാമ്പത്തികയിടപാടുകള്‍ നടന്നുവെന്നും അതിനായി ബാങ്ക് അക്കൗണ്ടുകള്‍ ആര്‍ബിഐക്ക് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് തിരിച്ചറിയാതിരുന്ന കന്യാകുമാരി സ്വദേശി തട്ടിപ്പുകാര്‍ പറ‍ഞ്ഞ നിര്‍ദേശങ്ങളെല്ലാം അതേപടി പാലിച്ചു. 

രണ്ട് ലക്ഷത്തി അറുപത്തിനാലായിരം രൂപയാണ് യുവാവില്‍ നിന്ന് സംഘം തട്ടിയത്. സംഘത്തലവന്‍ നൗഷാദിനെതിരെ സംസ്്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഇന്‍ഫോപാര്‍ക്ക് സിഐ ജെ.എസ് സജീവ് കുമാര്‍, എസ്ഐമാരായ ടി.എസ്. അരുണ്‍കുമാര്‍, വി,എ. ബദര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.