കോയമ്പത്തൂരില്‍ രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റ യുവതി അറസ്റ്റില്‍.
സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻ പുത്തൂരിലെ എ. നന്ദിനി (22)യാണ് അറസ്റ്റിലായത്. കുഞ്ഞിനെ വാങ്ങിയ കൂടലൂര്‍ കൂടലൂര്‍ കൗണ്ടന്‍പാളയത്തെ അനിത (40), കുഞ്ഞിനെ വില്‍ക്കാന്‍ സഹായിച്ച ദേവിക (42) എന്നിവരും അറസ്റ്റിലായി. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
ഓഗസ്റ്റ് 14 ന് മേട്ടുപാളയം സര്‍ക്കാര്‍ ആശുപത്രിയിലാണ് നന്ദിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബനിയന്‍ കമ്പനിയിലെ ജീവനക്കാരിയായ നന്ദിനി കൂടെ ജോലി ചെയ്യുന്ന ദേവികയോട് കുടുംബപ്രശ്നങ്ങളും ദാരിദ്ര്യവുമെല്ലാം പങ്കുവച്ചിരുന്നു. രണ്ടാമതൊരു കുഞ്ഞിനെ കൂടെ നോക്കുവാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്നും നന്ദിനി പറഞ്ഞു. ഇതിനിടെ ദേവിക പറഞ്ഞതനുസരിച്ച് കുട്ടിയേ പണംകൊടുത്തുവാങ്ങാന്‍ തയ്യാറായി അനിത രംഗത്തെത്തി.
കുട്ടിയെ വിറ്റ നന്ദിനിയും വാങ്ങിയ അനിതയും ദേവികയ്ക്ക് കമ്മിഷനും നല്‍കി. തിങ്കളാഴ്ച ചൈല്‍ഡ് ലൈനില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ ശിശുക്ഷേമ സമിതിയും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. നന്ദിനിക്ക് പെണ്‍കുഞ്ഞിനെ കൂടാതെ മൂന്നുവയസുള്ള ആണ്‍കുട്ടി കൂടെയുണ്ട്. രണ്ടു കുട്ടികളെയും നോക്കാന്‍ കഴിവില്ലാത്തതിനാലാണ് അനിതയെ ഏല്പിച്ചതെന്ന് പറഞ്ഞെങ്കിലും പണം വാങ്ങിയാണ് കുഞ്ഞിനെ നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കേസെടുത്ത പൊലീസ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.