gangeshananda-chargesheet

TOPICS COVERED

തിരുവനന്തപുരത്ത് നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു. നേരത്തെ  ലോക്കല്‍ പൊലീസിന്‍റെ സീന്‍ മഹസറടക്കം ഇല്ലെന്നു കോടതി ക്രൈംബ്രാഞ്ച് കുറ്റപത്രം മടക്കിയിരുന്നു.  സെപ്തംബര്‍ 7 നു ഗംഗേശാനന്ദയോടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.  2017 മേയ് 19 നാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ടത്. 

 

ഗംഗേശാനന്ദയുടെ  ജനനേന്ദ്രീയം മുറിച്ചതും  ആക്രമിക്കപ്പെടാനുണ്ടായ കാരണവും ഉള്‍പ്പെടെ രണ്ടു കേസായാണ് ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയതത്. ജനനേന്ദ്രീയം മുറിച്ചതില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.  ലോക്കല്‍ പൊലീസിന്‍റെ സീന്‍ മഹസറടക്കം കുറ്റപത്രത്തില്‍ ഇല്ലെന്നുള്ള കാരണമാണ് കുറ്റപത്രം അപൂര്‍ണമെന്നുള്ളതിനു കോടതി അന്നു ചൂണ്ടിക്കാട്ടിയത്. ഇതു പരിഹരിച്ചു സമര്‍പ്പിച്ച കുറ്റപത്രമാണ് ഇപ്പോള്‍ കോടതി അംഗീകരിച്ചത്.  ലൈംഗിക അതിക്രമം ചെറുക്കുന്നതിനാണ് സ്വാമിയെ ആക്രമിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഗംഗേശാനന്ദയ്ക്കെതിെ ബലാല്‍സംഗ കുറ്റം ചുമത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. 

എന്നാല്‍ പിന്നീട് പെണ്‍കുട്ടി ഹൈക്കോടതിയില്‍ മൊഴി മാറ്റി. തന്‍റെ സുഹൃത്ത് തെറ്റിദ്ധരിപ്പിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നായിരുന്നു മൊഴി മാറ്റിയത്. ഇക്കാര്യത്തില്‍ ക്രൈബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയത് കുറ്റപത്രമായി സമര്‍പ്പിക്കാനായിരുന്നു നിയമോപദേശം. ഇതിന്‍റെയടിസ്ഥാനത്തിലായിരുന്നു ക്രൈബ്രാഞ്ച് സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 

ENGLISH SUMMARY:

sexual abuse case: Court accepts charge sheet against Swami Gangesananda