കൊച്ചി കളമശ്ശേരിയില്‍ ബസിനുള്ളില്‍ കണ്ടക്ടറെ കുത്തിക്കൊന്നയാള്‍ പിടിയില്‍ . കളമശേരി സ്വദേശി മിനൂപാണ് പിടിയിലായത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ ആണ് കൊല്ലപ്പെട്ടത്.
കളമശേരി എച്ച്എംടി ജംഗ്ഷനിൽ ബസിനുള്ളിൽ വച്ചായിരുന്നു കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇറങ്ങി ഓടിയ പ്രതിയെ തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയായിരുന്നു.
ബസിലേക്ക് കയറിയ പ്രതി ആക്രോശിച്ചു കൊണ്ടാണ് കണ്ടക്ടറെ ആക്രമിച്ചത്. പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നെഞ്ചിൽ തുടരെ കുത്തി. കണ്ടക്ടർ നിലത്തു വീണതിന് പിന്നാലെ പ്രതി ബസിൽ നിന്നും ഇറങ്ങി ഓടി. പരിഭ്രാന്തരായ യാത്രക്കാർ നിലവിളിച്ചതോടെ റോഡിലുണ്ടായിരുന്നവർ ഓടിക്കൂടി.
കളമശേരി മെഡിക്കൽ കോളേജിൽ ഉച്ചക്ക് സർവീസ് അവസാനിപ്പിക്കേണ്ട ബസ് എച്ച്എംടി ജംഗ്ഷനിൽ എത്തിയപ്പോഴാണ് കൊലപാതകം നടക്കുന്നത്.