കാപ്പാ ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് 21 കിലോ കഞ്ചാവുമായി പിടിയിൽ. ഇടുക്കി ബൈസൺ വാലി ഇരുപതേക്കർ സ്വദേശി വിളയിൽ മഹേഷാണ് എക്സൈസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധയിടങ്ങളിൽ വിൽക്കുന്നതിനായി ആന്ധ്രയിൽ നിന്നെത്തിച്ച 21 കിലോ ഉണക്ക കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
വീടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇടുക്കി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മിഥുൻ ലാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എക്സൈസ് സംഘം വീട് വളഞ്ഞെങ്കിലും പ്രതി മഹേഷ് കീഴടങ്ങാൻ തയ്യാറായില്ല. ആറ് ക്രിമിനൽ കേസിലെ പ്രതിയായ മഹേഷിനെ പിന്നീട് മൽപ്പിടുത്തത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. കഞ്ചാവ് വിൽപ്പനയ്ക്ക് മഹേഷിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് എക്സൈസ് അന്വേഷിച്ചുവരികയാണ്. പ്രതി മഹേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.