kuttanad

TOPICS COVERED

അപ്രതീക്ഷിതമായി പെയ്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം. വിത്തുവിത പൂര്‍ത്തിയായ പുഞ്ചപ്പാടങ്ങളില്‍ മടവീണ് വെള്ളം കയറിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നശിച്ച നെല്‍വിത്തിനുപകരം വേറെ നെല്‍വിത്ത് ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.‌

 

തിരുവല്ല വേങ്ങല്‍ കാപ്പോണപ്പുറം, അഞ്ചടിവേളൂര്‍ മുണ്ടകം പാ‌ടങ്ങളില്‍ ചൊവ്വാഴ്ച രാത്രിയാണ് മടവീണത്. പെരിങ്ങര, പായിപ്പാട് പഞ്ചായത്തുകളില്‍ പരന്നുകിടക്കുന്ന 575 ഏക്കര്‍ പാടത്ത് പൂര്‍ണമായും വെള്ളം കയറി. കിളിര്‍ത്ത വിത്തുകള്‍ ഉള്‍പ്പെ‌ടെ നശിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.

തലവടി ആനക്കിടാവരത്തി പാടത്തെ 300 ഏക്കര്‍ കൃഷിയും തലവടി ചാലിയാടി പാടത്തെ 84 ഏക്കര്‍ കൃഷിയും നശിച്ചു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് കുറയാത്തതിനാല്‍ കൂടുതല്‍ പാടങ്ങള്‍ മടവീഴ്ചാ ഭീഷണിയിലാണ്. അതേസമയം ഒഴുക്ക് കുറഞ്ഞാലുടന്‍ മോട്ടറുകള്‍ പാടത്തെത്തിച്ച് വെള്ളം വറ്റിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് കാര്‍ഷികവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പുതിയ നെല്‍വിത്ത് ലഭ്യമാക്കുന്നതില്‍ ഇതുവരെ നടപടിയായില്ല.

ENGLISH SUMMARY:

Widespread crop damage in upper kuttanad due to unexpected rains