ആറ് ദിവസം മാത്രമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് പരിഹാസം ഭയന്നാണ് 28കാരിയായ യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ബാഗിലാക്കി വീടിനടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് വലിച്ചെറിഞ്ഞിട്ടു. ഡല്‍ഹിയിലെ ദ്വാരകയില്‍ ശനിയാഴ്ചയാണ് സംഭവം.
നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെ ആളുകള്‍ എന്ത് പറയും എന്ന് ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇവരുടെ രണ്ട് മക്കള്‍ നേരത്തെ അസുഖബാധിതരായി മരിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ഓടെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ആറ് ദിവസം മാത്രമായ കുഞ്ഞിനെ കാണാനില്ലെന്ന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. കുഞ്ഞ് തന്റെ പക്കല്‍ കിടക്കുകയായിരുന്നു എന്നും എന്നാല്‍ പുലര്‍ച്ചെ 4.30ഓടെ ഉണര്‍ന്ന് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നാണ് അമ്മ ആദ്യം പൊലീസിന് മൊഴി നല്‍കിയത്.
പൊലീസ് ഉടനെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ സമയം തനിക്ക് ആശുപത്രിയില്‍ പോകണം എന്ന് കുട്ടിയുടെ അമ്മ പൊലീസിനെ അറിയിച്ചു. ഇതില്‍ പൊലീസിന് സംശയം തോന്നി. എങ്കിലും അവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് പോകാന്‍ അനുവദിച്ചു. ഇതിനിടയില്‍ പൊലീസ് തിരച്ചിലില്‍ തൊട്ടടുത്ത വീടിന് മുകളില്‍ ഒരു പൊതി കിടക്കുന്നത് പൊലീസ് കണ്ടു. ഇത് പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ മൃതദേഹമാണെന്ന് വ്യക്തമായി. ഉടനെ തന്നെ പൊലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുഞ്ഞിന്റെ മൃതദേഹം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അമ്മ പോയ ആശുപത്രിയിലേക്ക് പൊലീസ് സംഘം തിരിച്ചു. കസ്റ്റഡിയിലെടുത്ത് അമ്മയ ചോദ്യം ചെയ്തതിലൂടെ കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇവര്‍ സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം കുടുംബാംഗങ്ങളോട് എന്ത് പറയണം എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും അതിനാലാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതെന്നും അമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.