uppala-robbery

TOPICS COVERED

കാസർകോട് ഉപ്പളയിൽ എടിഎമ്മിലേക്ക് പണം നിറയ്ക്കാനെത്തിയ വാനിൽ നിന്നും 50 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ മുത്തു കുമരനെയാണ് മഞ്ചേശ്വരം പൊലീസ് തിരുച്ചിറപള്ളിയിൽ നിന്നും പിടികൂടിയത്.

 

മാർച്ച് 27 ന് പട്ടാപകലാണ് ഉപ്പളയിൽ ആക്സിസ് ബാങ്കിന്റെ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്നത്. സ്വകാര്യ കമ്പനിയുടെ വാനിന്റെ ഗ്ലാസ് പൊട്ടിച്ച് അരക്കോടി രൂപയടങ്ങിയ ബോക്സ് തട്ടിയെടുക്കുകയായിരുന്നു. ജീവനക്കാർ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കയറിയപ്പോഴാണ് മോഷണം നടന്നത് . വാനിൻ്റെ സീറ്റിലായിരുന്നു പണമടങ്ങിയ ബോക്സ്. സംഭവം സമയം വാഹനത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. മാസങ്ങൾ നീണ്ട പരിശ്രമത്തിനോടുവിലാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

തിരുട്ടുഗ്രാമം സ്വദേശി 47 വയസുകാരൻ മുത്തു കുമരൻ എന്ന മുത്തുവിനെയാണ് തിരിച്ചിറപ്പള്ളി രാംജി നഗറിൽ വച്ച് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ തിരുട്ടുഗ്രാമം സ്വദേശികളായ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. യുവാവായ ഒരാൾ പണം അടങ്ങിയ പെട്ടിയുമായി പോകുന്ന സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശികളാണ് പിന്നിലെന്ന് വ്യക്തമായി. കവർച്ചയ്ക്ക് ശേഷം ഓട്ടോ റിക്ഷയിൽ കയറിയാണ് സംഘം രക്ഷപ്പെട്ടത്.

ഉച്ചക്ക് രണ്ട് മണിക്ക് നടന്ന കവർച്ചയിൽ പ്രതികളെ കണ്ടെത്താൻ കഴിയാത്തതിൽ പൊലീസിന് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രതി പിടിയിലായതോടെ കേരളത്തിലും കർണാടകയിലുമായി തെളിയാതെ കിടന്ന പല മോഷണ കേസുകളിലും തുമ്പുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

ENGLISH SUMMARY:

A case of robbery of a van carrying money to an ATM; One person was arrested