ashika-murder

നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം വണ്ണാരപ്പേട്ടിൽ യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്ത്രീധനപീഡനത്തിന്റെ ഭാഗമായി നടന്ന അരുംകൊലയെന്ന് പോലീസ്.  ഊട്ടി കാന്തല്‍ സ്വദേശി ഇമ്രാന്‍ ഖാന്റെ ഭാര്യ ആഷിക പര്‍വീണി(22)നെയാണ് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് കാപ്പിയില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.  ജൂണില്‍ നടന്ന സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടെയും ശ്രമം. യുവതിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണവും ശാസ്ത്രീയ പരിശോധനഫലങ്ങളുമാണ് കേസില്‍ നിര്‍ണായകമായത്.

സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ആഷികയുടെ ഭർത്താവ് ഇമ്രാൻ (30), ഭർതൃമാതാവ് യാസ്മിൻ (49), ഭർതൃസഹോദരൻ മുഖ്താർ (23), ഇവരുടെ ബന്ധു ഖാലിബ് (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ 24നാണ് ആഷിക പർവീണിനെ വിഷം കഴിച്ച നിലയിൽ ഭർതൃഗൃഹത്തിൽ കണ്ടെത്തിയത്. ജൂണ്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വായില്‍നിന്ന് നുരയും പതയും വന്നനിലയിലായിരുന്നു പെണ്‍കുട്ടി. തുടർന്ന് ആഷികയെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മകളുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ യുവതിയുടെ വീട്ടുകാർ ഇതോടെ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ നിർദേശ പ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ, കൊല്ലപ്പെട്ട യുവതി ക്രൂരമായ മർദനത്തിനിരയായതായി തിരിച്ചറിഞ്ഞിരുന്നു. കഴുത്തിലും തോളിലും വാരിയെല്ലിലും പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ, ഭർത്താവും വീട്ടുകാരും ചേർന്ന് വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. 

ഊട്ടി കണ്ടൽ സ്വദേശിയായ ഇമ്രാനും ആഷിക പർവീണും 2021ലാണ് വിവാഹിതരായത്. വിവാഹശേഷം ഭർത്താവും ഭർതൃമാതാവും ചേർന്ന് തന്നെ മർദിച്ചിരുന്നതായി യുവതി മാതാപിതാക്കളോട് പറഞ്ഞിരുന്നു. . കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

ENGLISH SUMMARY:

four arrested in Ooty for murdering wife with cyanide poisoning